തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കടൽക്ഷോഭ ഭീഷണി. ശക്തമായ തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമാണ് (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ കേരള തീരത്ത് 1.1 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം ശക്തമായാൽ തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്.
ഈ മേഖലകളിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കേരളത്തിന് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് പൂർണമായി ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നത് മാത്രമല്ല, കരയ്‌ക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന സമയത്ത് യാനങ്ങൾ കടലിലേക്ക് ഇറക്കുകയോ കരയ്‌ക്കടുപ്പിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
മത്സ്യബന്ധന യാനങ്ങൾ ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കണം. ഇത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത കുറയ്‌ക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
അതേസമയം തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. കടലിന്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.