തിരുവനന്തപുരം: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി ഷഹാൻ (26) ആണ് മരിച്ചത്. ഇടവ ഗ്രാമപഞ്ചായത്തിലെ മങ്ങാട്ട് കടവിൽ വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ മണിക്കൂറുകൾ നീണ്ട വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 10.30ഓടെയാണ് ഷഹാന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം മങ്ങാട്ട് കടവിൽ നടന്നത്.
അഞ്ച് യുവാക്കൾ ഉൾപ്പെട്ട സംഘം കായൽക്കരയിൽ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് മഫ്തിയിലായിരുന്ന നാല് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നാണ് വിവരം. ഉദ്യോഗസ്ഥരെ കണ്ടതോടെ യുവാക്കൾ ഭയന്ന് പലവഴികളിലായി ചിതറിയോടി.
ഇതിനിടെയാണ് ഷഹാൻ കായലിലേക്ക് ചാടിയതെന്നാണ് പുറത്തുവരുന്ന വിവരം. കായലിൽ വീണ യുവാവിനെ കണ്ടെത്തുന്നതിനായി ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും മണിക്കൂറുകളോളം ഫലം കണ്ടില്ല. തുടർന്ന് വർക്കല ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി.
മങ്ങാട്ട് കടവിലും സമീപ പ്രദേശങ്ങളിലും കായലിൽ വ്യാപകമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് രാവിലെ 10.30ഓടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ്, പൊലീസ് വിഭാഗങ്ങൾ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.