കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ കൊടുംക്രൂരത. കോഴിക്കോട് കൊടുവള്ളിയിൽ ഓഗസ്റ്റ് ആറിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയതിന് പിന്നാലെയാണ് പിതാവിന്റെ സഹോദരനും ഭാര്യയും ഇവരുടെ മകനും ചേർന്ന് മർദിച്ചതെന്നാണ് പരാതി.
കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം കുട്ടിയെ ക്രൂരമായി മർദിച്ചു. തുടർന്ന് കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിച്ചതായും പരാതിയിലുണ്ട്. കാൽവിരലിലെ നഖത്തിനിടയിൽ ഈർക്കിലും കൈയിലെ നഖത്തിനിടയിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
മർദനത്തിനിടെ അവശനായ കുട്ടിയെ മുറിയിൽ അടച്ചിട്ടു. പിന്നീട് കൈകാലുകളിൽ കെട്ടിയിരുന്ന കെട്ടിന്റെ മുറുക്കം കുറഞ്ഞതോടെ കുട്ടി മുറിയിൽ നിന്ന് രക്ഷപ്പെട്ടു. ടെറസിനോട് ചേർന്നുള്ള കവുങ്ങിലൂടെ ഊർന്നിറങ്ങിയാണ് കുട്ടി റോഡിലെത്തിയത്. തുടർന്ന് വഴിയാത്രക്കാരിലൊരാൾ കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഇതിനിടെ കുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ചിരുന്ന വാച്ച് പിന്നീട് കണ്ടെത്തി. സംഭവം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) അന്വേഷണം നടത്തി. തുടർന്ന് ബന്ധുക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകി.
കുട്ടിയെ മർദിച്ചതിനും ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനും അന്യായമായി തടങ്കലിൽ വെച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പിതാവിനും രണ്ടാനമ്മയ്‌ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കൗൺസിലിങ് നൽകിയ കുട്ടിയെ നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരായ തുടർനടപടികളും പുരോഗമിക്കുകയാണ്.