തൃശൂർ: നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയും സ്വന്തം മഹല്ല് കമ്മിറ്റിയുടെ അനുമതിയില്ലാതെയും ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ഡോക്ടർ യുവതി ഭർതൃവീടിന് മുന്നിൽ സമരത്തിൽ. ചാവക്കാട് ഇടക്കഴിയൂർ സ്വദേശിനിയും ഡോക്ടറുമായ ആയിഷ മുഹമ്മദ് ആണ് ഭർത്താവ് ഡോ. അലി അബ്ദുൽ ലത്തീഫിന്റെ വീടിന് മുന്നിൽ മകളുമായി ഉപരോധ സമരം നടത്തുന്നത്.
ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതോടെ സ്ഥലത്ത് തർക്കവും സംഘർഷാവസ്ഥയും തുടരുകയാണ്. വിവാഹബന്ധം നിലനിൽക്കെയാണ് ഭർത്താവ് കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു മഹല്ലിൽ വച്ച് രണ്ടാം വിവാഹം കഴിച്ചതെന്നാണ് ആയിഷയുടെ ആരോപണം.
13 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതുമുതൽ സ്വത്തും സ്വർണവും കുറഞ്ഞുവെന്ന് പറഞ്ഞ് ഭർത്താവിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ആയിഷ പറയുന്നു. കോവിഡ് കാലത്ത് മംഗളൂരുവിൽ ഇരുവരും ജോലി ചെയ്തിരുന്ന സമയത്ത് തന്നെ വീട്ടിൽ പൂട്ടിയിട്ടതായും പിന്നീട് മംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയതെന്നും ആയിഷ പറഞ്ഞു.
100 പവൻ സ്വർണവും പണവും വാങ്ങിയാണ് 2013ൽ വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോൾ അതൊന്നും തിരികെ നൽകാതെയും മകൾക്ക് സാമ്പത്തിക സഹായം നൽകാതെയുമാണ് ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നത്. സ്വന്തം മഹല്ല് കമ്മിറ്റിയുടെ അനുമതി പത്രമില്ലാതെയാണ് ഭർത്താവ് മറ്റൊരു മഹല്ലിൽ പോയി രണ്ടാം വിവാഹം നടത്തിയതെന്നും ആയിഷ ആരോപിച്ചു.
ഗാർഹിക പീഡന നിരോധന നിയമപ്രകാരം കോടതിയിൽ നിന്ന് ഉത്തരവ് നേടിയ ശേഷമാണ് ആയിഷ ഭർതൃവീട്ടിലെത്തിയത്. എന്നാൽ ഇവർ എത്തുന്നതിന് മുമ്പ് ഭർതൃവീട്ടുകാർ വീട് പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.
കോടതി ഉത്തരവുമായി ഭർതൃവീട്ടിൽ പ്രവേശിക്കാൻ ആയിഷ ശ്രമിച്ചതോടെ ഭർത്താവിന്റെ ബന്ധുക്കൾ തടയാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി. തനിക്ക് നീതി ലഭിക്കണമെന്നാണ് ആയിഷയുടെ ആവശ്യം.