പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിച്ചിരുന്ന റിൻസിമോൾ (37) എന്നിവർ അറസ്റ്റിലായത്. കോയിപ്രം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കേസിന്റെ ചുരുളഴിക്കാൻ നിർണായകമായത്. ചൊവ്വാഴ്ച പൊലീസിന് ലഭിച്ച സന്ദേശത്തിൽ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം.
തുടർന്ന് കോയിപ്പുറം എസ്.ഐ. പങ്കജ് കൃഷ്ണയും കീഴ്‌വായ്പുര്‍ സർക്കിൾ ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറും ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചു. പരിശോധനയിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനെ അറിയിച്ചു. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
സി.ഐ. ജി. സുരേഷ് കുമാറിന്റെയും എസ്.ഐ. പങ്കജ് വി. കൃഷ്ണയുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പോലീസ് സർജൻ ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പൊന്നമ്മ തോമസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പൊന്നമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസിനെയും റിൻസിമോളെയും വിശദമായി ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോയ്‌ക്കൊപ്പം ആറുമാസത്തിലേറെയായി റിൻസിമോൾ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ വഴക്കിൽ ഇടപെട്ട പൊന്നമ്മ തോമസിനെ ടിജോ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നെഞ്ചിൽ ചവിട്ടുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം മർദിക്കുകയും ചെയ്താണ് പൊന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചു. അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ സമയബന്ധിതമായ അന്വേഷണമാണ് സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത്.
എസ്.സി.പി.ഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സി.പി.ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.