ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ ഇസ്‌റോ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് പുതിയ ഉത്തരവാദിത്തം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിലേക്ക് അദ്ദേഹത്തെ നിയമിച്ചു. പാർട്ട് ടൈം, നോൺ-ഓഫീഷ്യൽ ഡയറക്ടറായാണ് നിയമനം.
ഓഗസ്റ്റ് 20 മുതൽ നാല് വർഷത്തേക്കാണ് നിയമനം. ആർബിഐ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2025 ജനുവരിയിലാണ് ഡോ. എസ്. സോമനാഥൻ ഇസ്‌റോ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ചത്. അതിന് മുമ്പ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ സുപ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായക നേതൃത്വം നൽകിയിരുന്നു. ഇസ്‌റോയിലെ സേവനത്തിന് ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ സർവകലാശാലയുടെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചു.
ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ദീർഘകാല പരിചയമുള്ള സോമനാഥന്റെ നിയമനം സാമ്പത്തിക മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ പുതിയ ചുവടുവയ്പ്പാണ്. രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ നയപരമായ ചർച്ചകളിലും തീരുമാനമെടുക്കൽ സംവിധാനത്തിലും ഇനി അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടും.
അതേസമയം, പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയെയും ആർബിഐ സെൻട്രൽ ബോർഡിൽ നോൺ-ഓഫീഷ്യൽ ഡയറക്ടറായി വീണ്ടും നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ കാലാവധിയും നാല് വർഷമാണ്.
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ വിരമിച്ച ഉദ്യോഗസ്ഥ രേവതി അയ്യരെയും റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിംഗ് കൺട്രീസ് (RIS) ഡയറക്ടർ ജനറൽ സച്ചിൻ ചതുര്‍വേദിയെയും ആർബിഐ സെൻട്രൽ ബോർഡിലേക്ക് നിയമിച്ചിട്ടുണ്ട്. രേവതി അയ്യർ നേരത്തെ ഡെപ്യൂട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (ഡെപ്യൂട്ടി CAG) പദവിയും വഹിച്ചിട്ടുണ്ട്.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയും ഡെപ്യൂട്ടി ഗവർണർമാരായ ജെ. സ്വാമിനാഥൻ, പൂനം ഗുപ്ത, എസ്.സി. മുർമു, രോഹിത് ജെയിൻ എന്നിവരും സെൻട്രൽ ബോർഡിന്റെ ഭാഗമാണ്. സാമ്പത്തികകാര്യ സെക്രട്ടറി അനുരാധ ഠാക്കൂർ, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരും ബോർഡിലുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി ഇനി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ പരമപ്രധാനമായ സ്ഥാപനങ്ങളിലൊന്നിന്റെ നയപരമായ ചർച്ചകളിലും പങ്കാളിയാകുകയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഭരണപരിചയം എന്നിവയിൽ സോമനാഥനുള്ള ദീർഘകാല അനുഭവം ആർബിഐ സെൻട്രൽ ബോർഡിലെ പുതിയ ചുമതലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.