‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കണമെന്ന പാര്‍ലമെന്റിന്റെ തീരുമാനത്തെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തിയ ശേഷം ആ തീരുമാനം അവഗണിക്കാന്‍ സോണിയ ഗാന്ധിക്ക് പ്രത്യേക അവകാശമുണ്ടോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഗാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന ആരോപണവും അവര്‍ ഉന്നയിച്ചു.

”ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു വിഷയത്തില്‍ അഭിപ്രായപ്പെടുകയും നിയമനിര്‍മാണം നടത്തുകയും ചെയ്തുകഴിഞ്ഞാല്‍, ആ നിയമം ചവറ്റുകുട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് ഈ രാജ്യത്ത് എന്തെങ്കിലും പ്രത്യേക അവകാശമുണ്ടോ?” എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. 1950ല്‍ ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഭരണഘടനാ അസംബ്ലിയില്‍ ജനഗണമനയ്‌ക്ക് നല്‍കുന്ന അതേ ബഹുമാനം വന്ദേമാതരത്തിനും നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.

അങ്ങനെയിരിക്കെ ജനഗണമനയ്‌ക്ക് നല്‍കുന്ന അതേ ബഹുമാനം വന്ദേമാതരത്തിന് നല്‍കണമോ എന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എങ്ങനെ കഴിയുമെന്നും അവര്‍ ചോദിച്ചു. വന്ദേമാതരത്തിന്റെ അഞ്ചും ആറും ഖണ്ഡികകളില്‍ ദുര്‍ഗാദേവി, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവതകളെ ആരാധിക്കുന്നതില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും സ്മൃതി ഇറാനി ചോദിച്ചു. ”അപ്പോള്‍ ശ്രീമതി സോണിയ ഗാന്ധിക്ക് എന്താണ് പ്രശ്‌നം? മാ ഭാരതിയോ അതോ ദുര്‍ഗാദേവിയോ?” എന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം.

Share