ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മഹാരാഷ്‌ട്രയിൽ കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് നാടിനെ നടുക്കിയ സംഭവം.

ദേവ്‌ലായ് സ്വദേശിയായ 18കാരനാണ് വ്യാഴാഴ്ച രാവിലെ കുന്നിന്റെ കുത്തനെയുള്ള ഭാഗത്ത് കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പുതിയ ഐഫോൺ വാങ്ങി നൽകാത്തതിനെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് യുവാവ് കുന്നിൻമുകളിലെത്തിയത്.

സംഭവമറിഞ്ഞ് മാതാപിതാക്കളും നാട്ടുകാരും പോലീസും സ്ഥലത്തെത്തി. ഏകദേശം മൂന്ന് മണിക്കൂറോളം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുന്നിന്റെ അപകടകരമായ ഭാഗത്തുനിന്ന് പിന്മാറാൻ ഇയാൾ തയ്യാറായില്ല. താഴെനിന്ന് മാതാപിതാക്കളും മറ്റുള്ളവരും പലതവണ സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.

ഒടുവിൽ മകനെ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പിതാവ് കുന്നിൻമുകളിലേക്ക് കയറുകയായിരുന്നു. പിതാവ് അടുത്തേക്ക് വരുന്നത് കണ്ട യുവാവ് വീണ്ടും പിന്നിലേക്ക് നീങ്ങി. മകനെ പിടികൂടാൻ പിതാവ് ശ്രമിക്കുന്നതിനിടെയാണ് ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിന്റെ വശത്തേക്ക് താഴേക്ക് വീണത്.

മകനും ഭർത്താവും താഴേക്ക് വീഴുന്നത് കണ്ട് പരിഭ്രാന്തയായ അമ്മയും പിന്നാലെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാപിതാക്കളും പ്രദേശവാസികളും യുവാവിനെ തുടർച്ചയായി അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷിയായ സഞ്ജയ് ജാദവ് പറഞ്ഞു. യുവാവിന്റെ അമ്മ ചാടരുതെന്ന് ആവർത്തിച്ച് അപേക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share