‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം സിപിഎമ്മിന്റെ കൈകളിലാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നടന്ന ഓണാഘോഷം ഇതിന്റെ ഏറ്റവും പുതിയ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അനൂപ് ആന്റണി പറഞ്ഞു. സിപിഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ ആഘോഷത്തില്‍ പങ്കെടുത്തത് ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് പോലീസ് സ്റ്റേഷന്റെ വാതിലുകള്‍ തുറന്നുകൊടുക്കുന്നത് അംഗീകരിക്കാനാകില്ല. സ്റ്റേഷനിലെ എസ്.എച്ച്.ഒ തന്നെയാണ് പ്രതികള്‍ക്ക് ഓണക്കോടി ഉള്‍പ്പെടെയുള്ളവ വാങ്ങിനല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അനൂപ് ആന്റണി ആരോപിച്ചു. പോലീസ് ഓഫീസേഴ്സ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ് ആഘോഷം നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.

”ആഭ്യന്തരമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ ക്രിമിനലുകള്‍ക്ക് പോലീസ് സ്റ്റേഷന്റെ വാതില്‍ തുറന്നുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പോലീസ് സ്റ്റേഷനുകളെ സിപിഎം നേതാക്കളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ആഘോഷവേദികളാക്കാന്‍ അനുവദിക്കരുത്,” അനൂപ് ആന്റണി പറഞ്ഞു. ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റമില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share