ആലപ്പുഴ: പുന്നമടക്കായലില്‍ നടന്ന 72-ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ അരോമ ജേതാക്കളായി. മില്ലിസെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ അരോമ 4:23.328 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തി. 4:23.448 സമയത്തില്‍ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും 4:23.770 സമയത്തില്‍ വീയപുരം മൂന്നാം സ്ഥാനവും നേടി. 4:24.015 സമയത്തില്‍ മെല്‍പാടം നാലാം സ്ഥാനത്തെത്തി.
22 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 71 കളിവള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും വള്ളങ്ങളുടെ മാസ് ഡ്രില്ലും നടന്നു. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും പിന്നാലെ ചുണ്ടന്‍വള്ളങ്ങളുടെ ആവേശകരമായ ഫൈനലും അരങ്ങേറി.
ഉച്ചയ്‌ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നെഹ്രു ട്രോഫി ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക.