‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: വിഷച്ചെടിയായ ഉമ്മം അഥവാ ഡാറ്റുരയുടെ (Datura) പഴങ്ങളും വിത്തുകളും ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങളെന്ന നിലയിൽ ഓൺലൈനിൽ വിൽപ്പന നടത്തിയ സംഭവത്തിൽ ആമസോൺ, സ്വഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്ക്കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സസ്പെൻഷൻ തുടരും.

മനുഷ്യ ഉപഭോഗത്തിനായി ഡാറ്റുര പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽപ്പനയ്‌ക്ക് വെച്ചിരുന്നതായി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ചില പാക്കറ്റുകളിൽ FSSAI ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പറുകളും രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. വിഷാംശമുള്ള ഡാറ്റുര ഭക്ഷണമായി വിൽക്കുന്നതും വിതരണം ചെയ്യുന്നതും അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഡാറ്റുര പഴങ്ങളും വിത്തുകളും പരസ്യങ്ങളും ലിസ്റ്റിംഗും ഉടൻ നീക്കാൻ മൂന്ന് പ്ലാറ്റ്ഫോമുകൾക്കും നിർദേശം നൽകി. ഭക്ഷ്യ ഉൽപ്പന്നമെന്ന നിലയിൽ ഇവയുടെ വിൽപ്പന, വിതരണം, പ്രദർശനം എന്നിവയും നിർത്തണം. ഡാറ്റുര ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത വിൽപ്പനക്കാരുടെയും സ്ഥാപനങ്ങളുടെയും ലൈസൻസുകളും രജിസ്ട്രേഷനുകളും സസ്പെൻഡ് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.

ആമസോൺ അധികൃതർ  മറുപടി സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വിഗ്ഗി ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തേടി. അതേസമയം, ഡാറ്റുരയുടെ ഓൺലൈൻ വിൽപ്പന നിർത്തിയതായി ബിഗ് ബാസ്ക്കറ്റ് അറിയിച്ചു. ഭാവിയിൽ ഇത്തരം ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയാണെങ്കിൽ “Not for Human Consumption” എന്ന മുന്നറിയിപ്പ് നൽകുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ കമ്പനികളുടെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്.

ഡാറ്റുര അപകടകാരി
വിഷാംശമുള്ള സസ്യമാണ് ഡാറ്റുര. മനുഷ്യർ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ ശുദ്ധീകരിക്കാത്ത ഡാറ്റുര പഴങ്ങളും വിത്തുകളും ഭക്ഷണമായി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

Share