60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: മുതിര്‍ന്ന വനിതകള്‍ക്ക് വന്‍ ആശ്വാസം നല്‍കുന്ന പദ്ധതിയടക്കം 24 നിര്‍ണായക നിര്‍ദേശങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ‘ലോക്മാതാ അഹല്യാബായി മാതൃശക്തി യോജന’യുടെ ഭാഗമായി 60 വയസും അതിന് മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എല്ലാ ബസുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര അനുവദിക്കും.

സംസ്ഥാനത്തെ ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. യാത്രയ്‌ക്കിടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കാനാകും. മതപരമായ ആവശ്യങ്ങള്‍, കുടുംബകാര്യങ്ങള്‍, സാമൂഹിക ആവശ്യങ്ങള്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്‌ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രക്ഷാബന്ധന്‍ അടുത്തിരിക്കെയാണ് തീരുമാനം പ്രഖ്യാപിച്ചത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് പൊതുഗതാഗതം കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനും യാത്രാച്ചെലവിന്റെ ഭാരം ഒഴിവാക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഗതാഗതമന്ത്രി ദയാശങ്കര്‍ സിങ്, 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സംസ്ഥാന റോഡ്വേസ് ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അറിയിച്ചു.

അതേസമയം, ഗംഗ എക്‌സ്പ്രസ് വേയുടെ വന്‍ വിപുലീകരണ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ പദ്ധതിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ വരെ നീട്ടുന്നതിനാണ് തീരുമാനം. ഏകദേശം 10,761 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ബിജ്‌നോറിനെയും ഹരിദ്വാറിനെയും തമ്മില്‍ അതിവേഗ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കാനാകും. പ്രയാഗ്രാജ് മുതല്‍ ഹരിദ്വാര്‍ വരെ വേഗമേറിയ നിയന്ത്രിത പ്രവേശന എക്‌സ്പ്രസ് വേ ബന്ധം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുംഭമേളയുമായി ബന്ധപ്പെട്ട പ്രധാന നഗരങ്ങളായ പ്രയാഗ്രാജിനെയും ഹരിദ്വാറിനെയും മികച്ച റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ യാത്ര കൂടുതല്‍ സുഗമമാക്കാനും പദ്ധതിക്ക് സാധിക്കും. പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക, സാമൂഹിക ബന്ധങ്ങള്‍ക്കും ഗംഗ എക്‌സ്പ്രസ് വേയുടെ വിപുലീകരണം കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷ.

Share