തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ പനി ബാധിച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് പ്രശാന്തിനെ മെഡിക്കല്‍ കോളജിലെ ജെറിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മറ്റ് പരിശോധനകളും ചികിത്സകളും തുടരുകയാണ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ 2025ല്‍ ശബരിമലയിലെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
2019ലെ ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവെക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.