തിരൂർ: കോയമ്പത്തൂർ–മംഗളൂരു ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. റോയൽ രാജു (30) ആണ് അറസ്റ്റിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് ട്രെയിനിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
യുവതിയെ കയറിപ്പിടിച്ച പ്രതി ബലമായി ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി ശക്തമായി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സഹയാത്രികർ ഉടൻ റെയിൽവേ അലർട്ടിൽ വിവരം കൈമാറി. ഇതോടെ ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പ്രതിയെ പിടികൂടാനുള്ള നടപടികൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചു.
തിരൂർ സ്റ്റേഷനിൽ പ്രതിയെ പിടികൂടാൻ ആർ.പി.എഫ് സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്. പിടികൂടാനുള്ള ശ്രമത്തിനിടെ അസം സ്വദേശി എ.എസ്.ഐ ശശിയെ തലയ്‌ക്ക് അടിച്ച് വീഴ്‌ത്തി. ഗുരുതരമായി പരുക്കേറ്റ ശശിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതിനിടെ വിവരമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതിയെ കീഴടക്കാൻ പോലീസ് ഏറെ ശ്രമിക്കേണ്ടിവന്നു. ഒടുവിൽ മൽപിടുത്തത്തിലൂടെയാണ് അക്രമാസക്തനായ റോയൽ രാജുവിനെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തത്.
യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നതാണ് ട്രെയിനിനുള്ളിൽ നടന്ന സംഭവം. യുവതിയുടെ സമയോചിതമായ ചെറുത്തുനിൽപ്പും സഹയാത്രികർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചതുമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
അതേസമയം, പരുക്കേറ്റ എ.എസ്.ഐ ശശിക്ക് മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്നതിനിടെ തന്നെയാണ് ശശിക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ട്രെയിനിലെ യുവതിക്ക് നേരെയുണ്ടായ അതിക്രമശ്രമത്തിന്റെയും തുടർന്ന് പോലീസിനെ ആക്രമിച്ചതിന്റെയും പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.