ബെംഗളൂരു: വായ്‌ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 82 ഗ്രാം സ്വര്‍ണം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടികൂടി. സംഭവത്തില്‍ മുഹമ്മദ് സിറാജിനെ സിഐഎസ്എഫ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ സിറാജ്, തുടര്‍ന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ഗാസിയാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. ടെര്‍മിനല്‍ ഒന്നിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ ദീപക് കുമാര്‍ ശര്‍മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് രണ്ട് ക്യാപ്‌സ്യൂളുകളാക്കി വായ്‌ക്കുള്ളില്‍ ഒളിപ്പിച്ച 82 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ബോഡി സ്‌കാനര്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന ധാരണയിലാണ് ഇയാള്‍ സ്വര്‍ണം വായ്‌ക്കുള്ളില്‍ ഒളിപ്പിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് യാത്രക്കാരനെ തുടര്‍ നിയമനടപടികള്‍ക്കായി എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കെംപെഗൗഡ വിമാനത്താവളത്തില്‍ സിഐഎസ്എഫ് നടത്തുന്ന രണ്ടാമത്തെ സമാനമായ സ്വര്‍ണക്കടത്ത് വേട്ടയാണിത്. ഓഗസ്റ്റ് 20ന് ബാങ്കോക്കില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 260 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ട്രൗസറിനുള്ളില്‍ പൊടിരൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഇവരെയും സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്നാണ് പിടികൂടിയത്.