തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയിൽ നാളെ (ശനി) തലസ്ഥാനത്തെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) മത്സരങ്ങൾക്ക് മാറ്റുകൂട്ടാനാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിങ് വിസ്മയം എത്തുന്നത്.
നാളെ 2.30 ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – തൃശൂർ ടൈറ്റൻസ് മത്സരത്തിന് മുന്നോടിയായാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം അരങ്ങേറുന്നത്. മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകൾ അതിർത്തി കടത്തുന്ന ഗെയ്‌ലിന്റെ സിഗ്നേച്ചർ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റൻ സിക്സറുകൾക്കും നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൗണ്ടിലെ ഗെയിലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്‌ട്ര തലത്തിൽത്തന്നെ വലിയ ശ്രദ്ധയും വൻ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അന്താരാഷ്‌ട്ര സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ആഹാര പദാർത്ഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടികൾ, ലഹരി പദാർത്ഥങ്ങൾ,ബാഗ്, കുട, ഹെൽമറ്റ്, കാമറ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ല.