പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ എബിൻ തോമസ് (31) ആണ് മരിച്ചത്.

ജലോത്സവത്തിന്റെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ ബോട്ടിൽനിന്ന് പെട്ടെന്ന് കുഴഞ്ഞ് ആറ്റിലേക്ക് വീഴുകയായിരുന്നു.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് എബിനെ ആറ്റിൽ നിന്ന് കരയ്‌ക്കെടുത്തത്. തുടർന്ന് ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എബിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share