കൊച്ചി: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഹിന്ദു സംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 31ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബു അറിയിച്ചു.
സണ്ണി കപിക്കാടിന്റെ പ്രസ്താവന അയ്യപ്പ വിശ്വാസികൾക്ക് സഹിക്കാനാകാത്ത വേദനയാണ് ഉണ്ടാക്കിയതെന്ന് ആർ.വി. ബാബു പറഞ്ഞു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ ഹൃദയത്തെ പ്രസ്താവന ആഴത്തിൽ മുറിവേൽപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും നികൃഷ്ടമായി നിന്ദിക്കുന്നത് കേരളത്തിൽ പതിവായി മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല അയ്യപ്പനെ അവഹേളിച്ച വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുലർത്തുന്ന മൗനം ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്നും ബാബു പറഞ്ഞു. വിഷയത്തിൽ ദേവസ്വം മന്ത്രി നടത്തിയ പ്രതികരണം ദുർബലവും നിസംഗവുമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കൾ അയ്യപ്പനെ അവഹേളിച്ച സംഭവം കണ്ടതായി പോലും നടിക്കുന്നില്ലെന്നും ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സമീപനമാണ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ പുലർത്തുന്നതെന്നും ആർ.വി. ബാബു കുറ്റപ്പെടുത്തി.
‘അയ്യപ്പനു മുന്നിൽ മാപ്പ് ചോദിക്കണം’: പന്തളം കൊട്ടാരം
പത്തനംതിട്ട: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയ്‌ക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിച്ചെന്ന ആരോപണമുയർന്ന സണ്ണി എം. കപിക്കാടിന്റെ പ്രസംഗത്തെ പന്തളം കൊട്ടാരം ശക്തമായി അപലപിച്ചു.
മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച് മഹനീയമായ രീതിയിൽ ആദരിച്ചുപോരുന്ന ഹൈന്ദവാചാരങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയതെന്ന് പന്തളം കൊട്ടാരം ആരോപിച്ചു. സണ്ണി കപിക്കാട് അയ്യപ്പന്റെ മുമ്പിൽ സാഷ്ടാംഗ പ്രണാമം നടത്തി മാപ്പ് അപേക്ഷിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
ദൈവനിന്ദാപരമായ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല, ഒരു വിശ്വാസി സമൂഹവും ക്ഷമിക്കില്ലെന്നും ഇത് മാപ്പർഹിക്കാത്ത നടപടിയായാണ് അയ്യപ്പഭക്തർ കാണുന്നതെന്നും കൊട്ടാരം നിർവാഹക സംഘം വ്യക്തമാക്കി. ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്തുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾ ആശങ്കാജനകമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
സണ്ണി കപിക്കാടിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മയും സെക്രട്ടറി സുരേഷ് വർമ്മയും ആവശ്യപ്പെട്ടു.
‘ആസൂത്രിതം’: വി.എച്ച്.പി
ആലപ്പുഴ: സണ്ണി കപിക്കാടിന്റെ പ്രസംഗം ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആരോപിച്ചു.
ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ സംസ്‌കാരത്തെയും മോശപ്പെടുത്താനുള്ള ശ്രമങ്ങൾ എല്ലാ കാലത്തും സണ്ണി കപിക്കാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് അനിൽ വിളയിലിന്റെ ആരോപണം. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഉൾപ്പെടെ ഹൈന്ദവനിന്ദ നടത്തുന്നതിന് അദ്ദേഹം മുൻപന്തിയിൽ നിന്നിട്ടുണ്ടെന്നും അനിൽ വിളയിൽ പറഞ്ഞു.
സാങ്കൽപ്പികമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിച്ച ടി.ജി. മോഹൻദാസിനെതിരെ നടപടിയെടുക്കാൻ താൽപര്യം കാട്ടിയ സതീശൻ സർക്കാർ, സണ്ണി കപിക്കാടിന്റെ വിഷയത്തിൽ മെല്ലപ്പോക്ക് നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളെയും ദൈവസങ്കൽപ്പങ്ങളെയും നീചമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകുന്ന പിണറായി സർക്കാരിന്റെ അതേ നയം തന്നെയാണ് വി.ഡി. സതീശൻ സർക്കാരും പിന്തുടരുന്നതെന്ന ആരോപണവും അനിൽ വിളയിൽ ഉന്നയിച്ചു.
സണ്ണി കപിക്കാടിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഹൈന്ദവ സംഘടനകൾ രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















