കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. ദുരന്തത്തിന്റെ അഞ്ചാം ദിവസവും മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്. ഏകദേശം 2,500 പേരെ ഇപ്പോഴും കാണാതായതായാണ് റിപ്പോർട്ട്. കാണാതായവർക്കായുള്ള തെരച്ചിലും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യവും അതിവേഗം പുരോഗമിക്കുകയാണ്.
ദുരന്തബാധിതമായ എട്ട് ജില്ലകളിൽനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമയം അതിവേഗം കടന്നുപോകുന്നതിനാൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ ഐസ്-റോക്ക് അവലാഞ്ചാണ് വൻ ദുരന്തത്തിന് കാരണമായത്. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ വെള്ളവും മണ്ണും പാറകളും ചെളിയും വൻതോതിൽ താഴേക്ക് കുത്തിയൊഴുകുകയായിരുന്നു. ഇതോടെ മധ്യ നേപ്പാളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും തകർന്നു.
വൻതോതിലുള്ള വെള്ളപ്പാച്ചിലിൽ നിർണായക അടിസ്ഥാനസൗകര്യങ്ങൾ തകർന്നതിനു പുറമെ നിരവധി ജലവൈദ്യുത നിലയങ്ങളും നശിച്ചു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
അതേസമയം, ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനവും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ദുരന്തമേഖലയിൽ നിന്ന് 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50ഓളം ഇന്ത്യക്കാരുമായും ആശയവിനിമയം പുനഃസ്ഥാപിച്ചിരുന്നു.
എന്നാൽ 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ല. ഏഴ് മലയാളികളുമായും ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് നോർക്ക അറിയിച്ചിരുന്നു.
പ്രളയക്കെടുതിക്ക് പിന്നാലെ നേപ്പാൾ കടുത്ത ഊർജപ്രതിസന്ധിയും നേരിടുകയാണ്. 13 ജലവൈദ്യുത നിലയങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതോടെ വൈദ്യുതി ഉൽപ്പാദനത്തിൽ ഏകദേശം 550 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അടിയന്തര സാഹചര്യം മറികടക്കാൻ ഇന്ത്യയിൽനിന്ന് മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള അനുമതിയും നേപ്പാൾ തേടിയിട്ടുണ്ട്.
അതിനിടെ, ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയതോടെ നുവാക്കോട്ടിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയ്‌ക്കിടയിലും രക്ഷാപ്രവർത്തകരും സുരക്ഷാസേനയും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യയും സഹായം എത്തിക്കുന്നുണ്ട്. വിദഗ്ധർ ഉൾപ്പെടുന്ന സംഘവുമായി ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ വിമാനം നേപ്പാളിലെത്തി. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യസാധനങ്ങളാണ് സി-130 വിമാനത്തിൽ എത്തിച്ചത്.