ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ജനവിശ്വാസമാണ് ഒരു പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. കൃത്യത, നിഷ്പക്ഷത, സ്വാതന്ത്ര്യം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ജനവിശ്വാസം നേടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

1911ൽ സി.വി. കുഞ്ഞിരാമൻ ആരംഭിച്ച കേരളകൗമുദിയുടെ 115 വർഷത്തെ യാത്ര വിശ്വസ്തതയുടെയും ധൈര്യത്തിന്റെയും ശക്തമായ ആശയങ്ങളുടെയും തെളിവാണെന്ന് സി.പി. രാധാകൃഷ്ണൻ പറഞ്ഞു. സാമൂഹിക ഉണർവിന് വഴിയൊരുക്കുന്നതിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി മാറുന്നതിലും കേരളകൗമുദി നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അച്ചടി മാധ്യമത്തിൽനിന്ന് ടെലിവിഷനിലേക്കും ഡിജിറ്റൽ മാധ്യമങ്ങളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ഇപ്പോൾ നിർമിതബുദ്ധിയുടെ കാലത്തേക്കും മാധ്യമപ്രവർത്തനം മാറിയെങ്കിലും വിശ്വസനീയമായ വിവരങ്ങളും മാധ്യമധാർമികതയും ഒരിക്കലും അപ്രസക്തമാകില്ല എന്ന് ഉപരാഷ്‌ട്രപതി വ്യക്തമാക്കി.

മാധ്യമങ്ങളുടെ ഉത്തരവാദിത്തം പൗരന്മാരെ വിവരങ്ങൾ അറിയിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. അവരെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും വേണം. നവീനാശയങ്ങൾ, ശാസ്ത്രനേട്ടങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, ക്രിയാത്മകമായ സാമൂഹിക മാറ്റങ്ങൾ എന്നിവയ്‌ക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും രാഷ്‌ട്രനിർമാണത്തിൽ പൗരന്മാരെ സജീവമായി പങ്കാളികളാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച്

വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതമായ സമീപനമാണ് ആവശ്യമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. എല്ലാ വിഷയങ്ങളെയും രാഷ്‌ട്രീയവൽക്കരിക്കുകയോ വികസനത്തെ എതിർക്കുകയോ ചെയ്യുന്നതിനു പകരം പ്രായോഗിക പരിഹാരങ്ങളിലൂടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കണം.

കേരളത്തിലെ നദികളുടെ ആഴവും ആരോഗ്യവും സംരക്ഷിക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനത്തിന്റെ ആവശ്യകതയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് വേണ്ടതെന്നും വ്യക്തമാക്കി.

‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കിയതും ഉപരാഷ്‌ട്രപതി പരാമർശിച്ചു. ഓഗസ്റ്റ് 12ന് ബിൽ പാസാക്കുമ്പോൾ താനായിരുന്നു രാജ്യസഭയുടെ അധ്യക്ഷനെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഒരു ചരിത്രപരമായ തെറ്റ് തിരുത്തിയതിന്റെ സന്തോഷമാണ് ബിൽ പാസാക്കിയ വേളയിൽ അംഗങ്ങളിൽ പ്രകടമായതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ആദിശങ്കരാചാര്യരുടെ അദ്വൈത സന്ദേശവും ശ്രീനാരായണഗുരുവിന്റെ സമത്വ സന്ദേശവും മന്നത്ത് പത്മനാഭന്റെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും ഭാരതത്തിന് കേരളം നൽകിയ മികച്ച സംഭാവനകളിൽ ഉൾപ്പെടുന്നതാണെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ കേരളകൗമുദി എക്‌സലൻസ് അവാർഡുകളും ഉപരാഷ്‌ട്രപതി വിതരണം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ്, ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാർ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ പങ്കെടുത്തു.

Share