ചെന്നൈ: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴിഗ വെട്രി കഴകം (TVK) നീക്കത്തിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂവെന്നും TVK നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്‌ക്കുമെന്നും മുന്നറിയിപ്പ്.
അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ TVKയിലെ മുതിർന്ന മന്ത്രിമാരും എംഎൽഎമാരും വിവിധ വേദികളിൽ സമാനമായ ആവശ്യം ഉന്നയിച്ചു. ഇതിന് പിന്നാലെ തൂത്തുക്കുടിയിൽ ‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി. ജോസഫ് വിജയ്’ എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ഇതിനിടെയാണ് കോൺഗ്രസ് പരസ്യമായി എതിർപ്പുമായി രംഗത്തെത്തിയത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്‌ക്കുകയുള്ളൂവെന്ന് കോൺഗ്രസ് വ്യക്തമാക്കി. TVK ഈ നിലപാടിനെ പിന്തുണച്ചില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് മന്ത്രിമാർ രാജിവയ്‌ക്കുമെന്ന മുന്നറിയിപ്പും ഉയർന്നു.
അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള മാധ്യമ സർവേയിലും ജോസഫ് വിജയ് ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജോസഫ് വിജയ് എത്തിയത്. ഒൻപത് ശതമാനം പേരാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വിഷയത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
സർവെയെ പരിഹസിച്ച് തമിഴ്‌നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോറും രംഗത്തെത്തി. ‘ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവെയുമായി രംഗത്തെത്തി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്താനുള്ള നീക്കത്തെ പരോക്ഷമായി തള്ളുന്നതായിരുന്നു മാണിക്കം ടാഗോറിന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് മന്ത്രിമാരിൽനിന്നും രാജി ഭീഷണി ഉയർന്നത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി TVK പിന്തുണച്ചില്ലെങ്കിൽ താനും സഹമന്ത്രി പി. വിശ്വനാഥനും രാജിവയ്‌ക്കാൻ തയ്യാറാണെന്ന് മന്ത്രി എസ്. രാജേഷ് കുമാർ വ്യക്തമാക്കി.
കന്യാകുമാരിയിൽ ഞായറാഴ്ച നടന്ന പരിപാടിയിലാണ് രാജേഷ് കുമാർ കോൺഗ്രസ് നിലപാട് ആവർത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്‌ക്കുകയുള്ളൂവെന്നും പാർട്ടി ഈ നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിൽ സർക്കാർ രൂപീകരണത്തിൽ വിജയ് നയിക്കുന്ന TVKയെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് പാർട്ടിക്ക് തമിഴ്‌നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത്. എന്നാൽ, ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലി ഇരുകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുകയാണ്.
രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ ദേശീയ രാഷ്‌ട്രീയ നിലപാടും ജോസഫ് വിജയ്‌യെ ദേശീയ തലത്തിലേക്ക് ഉയർത്താനുള്ള TVKയിലെ നീക്കവും തമ്മിലുള്ള ഏറ്റുമുട്ടൽ തമിഴ്‌നാട്ടിലെ ഭരണസഖ്യത്തിന് പുതിയ വെല്ലുവിളിയായി മാറുകയാണ്.