ബെംഗളൂരു: പാർട്ടിക്കിടെ ചിക്കൻ കഷണത്തെച്ചൊല്ലിയുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. കർണാടകയിലെ ബെളഗാവി ജില്ലയിലെ മുദലഗി താലൂക്കിലെ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് സംഭവം.
ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശി സീതാറാമാണ് കൊല്ലപ്പെട്ടത്. മുദലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന കബീർഗഞ്ച് സ്വദേശിയായ അരുൺ കുമാറാണ് കേസിലെ പ്രതി.
ഇരുവരും സുഹൃത്തുക്കളായിരുന്നു. പാർട്ടിക്കിടെ ഒരാൾ മറ്റേയാളേക്കാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. വാക്കുതർക്കം രൂക്ഷമായതോടെ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
കുത്തേറ്റ സീതാറാമിനെ അരുൺ കുമാർ തന്നെയാണ് ഗോകാക് സർക്കാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം സീതാറാം കെട്ടിടത്തിൽ നിന്ന് വീണെന്നാണ് പ്രതി ഡോക്ടർമാരോട് പറഞ്ഞത്. സംഭവം അപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ സംശയം.
എന്നാൽ അരുൺ കുമാറിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സീതാറാം കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.