യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Published by
ജനം വെബ്‌ഡെസ്ക്

യമുനാനഗര്‍: ഹരിയാന-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലെ ഹത്‌നികുണ്ഡ് ബാരേജിന് സമീപം സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി റിപ്പോര്‍ട്ട്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. ശക്തമായ ഒഴുക്കുള്ള അപകടമേഖലയിലേക്ക് ബോട്ട് നീങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് നദിയില്‍ മുങ്ങിയെന്നാണ് വിവരം.

അപകടവിവരം ലഭിച്ചതോടെ സൈന്യത്തിന്റെയും പോലീസിന്റെയും എസ്ഡിആര്‍എഫ് സംഘങ്ങളുടെയും നേതൃത്വത്തില്‍ നദിയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. ചില ജവാന്മാര്‍ നീന്തി സുരക്ഷിതമായി കരയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് സൈനികര്‍ ഏകദേശം 600 മീറ്ററോളം നീന്തിയാണ് സുരക്ഷിതമായി കരയിലെത്തിയത്. അതേസമയം ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒരു സൈനികനെ കാണാതായതായും മറ്റൊരു റിപ്പോര്‍ട്ടില്‍ ഒന്നോ രണ്ടോ പേരെ കാണാതായിരിക്കാമെന്നും പറയുന്നു.

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ സൈനികരാണ് ഹത്‌നികുണ്ഡ് ബാരേജ് മേഖലയില്‍ പരിശീലനം നടത്തിയിരുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ സൈനിക ബോട്ടില്‍ അപകടമുണ്ടായ വിവരം ലഭിച്ചതായും കാണാതായവര്‍ക്കായി പോലീസും എസ്ഡിആര്‍എഫ് സംഘവും തിരച്ചില്‍ നടത്തുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യമുനയിലെ ശക്തമായ ഒഴുക്കിനിടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കാണാതായ ജവാന്മാരെ കണ്ടെത്തുന്നതിനായി സുരക്ഷാ സംഘങ്ങള്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയാണ്.

അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്നും എത്ര സൈനികരെ അപകടം ബാധിച്ചുവെന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദേശീയ സുരക്ഷാ വിഷയമായതിനാല്‍ നല്‍കാനാകില്ലെന്നാണ് പ്രതാപ്‌നഗര്‍ പോലീസ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Share