വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനമായ പാളയം സെനറ്റ് ഹൗസ് കാമ്പസിൽ വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ നടത്തുന്ന പ്രതിഷേധം വിദ്യാർത്ഥി സമരമല്ലെന്നും ഗുണ്ടാവിളയാട്ടമാണെന്നും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും. ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ മണിക്കൂറുകൾക്ക് ശേഷം സർവകലാശാലയിലേക്ക് എസ്‌എഫ്‌ഐ അക്രമ സമരവുമായി എത്തിയതിനെ ന്യായീകരിക്കാനാവില്ലെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നത് കേന്ദ്രസർക്കാർ തീരുമാനമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതനുസരിച്ചാണ് കേരള സർവകലാശാലാ ആസ്ഥാനത്ത് ദേശീയ കായിക ദിനാഘോഷ പരിപാടിയിലും വന്ദേമാതരം ആലപിച്ചത്.

സംസ്ഥാന കായിക മന്ത്രിയും സർവകലാശാലയുടെ പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചടങ്ങിൽ പൂർണമായി പങ്കെടുത്തിരുന്നു. കേരള സർവകലാശാലയിലെയും സമീപ കലാലയങ്ങളിലെയും നൂറുകണക്കിന് വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. നിരവധി ദേശീയ-അന്തർദേശീയ കായിക താരങ്ങളും ചടങ്ങിന്റെ ഭാഗമായി.

എന്നാൽ ചടങ്ങിൽ പങ്കെടുത്ത ഇവരാരും വന്ദേമാതരം ആലപിച്ചതിനെതിരെ യാതൊരു എതിർപ്പോ പരാതിയോ ഉന്നയിച്ചില്ലെന്നും പൂർണമായി സഹകരിച്ചെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് പോലും ഈ രീതി പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

‘വിദ്യാർത്ഥി പിന്തുണയില്ല’

സർവകലാശാല നിശ്ചയിച്ച പ്രകാരം കായിക ദിനാഘോഷ പരിപാടി അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് എസ്‌എഫ്‌ഐ സർവകലാശാലയിലേക്ക് അക്രമ സമരവുമായി എത്തിയതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

സമരത്തിലെ വളരെ കുറഞ്ഞ പങ്കാളിത്തം തന്നെ എസ്‌എഫ്‌ഐയുടെ പ്രതിഷേധത്തിന് വിദ്യാർത്ഥി സമൂഹത്തിന്റെ പിന്തുണയില്ലെന്നതിന്റെ തെളിവാണെന്നും അവർ പറഞ്ഞു. സർവകലാശാലയിലെയോ അഫിലിയേറ്റഡ് കോളജുകളിലെയോ വിദ്യാർത്ഥികൾ പോലുമല്ലാത്തവരാണ് സമരത്തിൽ പങ്കെടുത്തവരിൽ അധികമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.

വരാനിരിക്കുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനമുറപ്പിക്കാൻ രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് എസ്‌എഫ്‌ഐയുടെ ഇപ്പോഴത്തെ സമരത്തിന്റെ ലക്ഷ്യമെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും അവർ ആരോപിച്ചു.

അതേസമയം, എന്തിന്റെ പേരിലായാലും വിദ്യാർത്ഥികൾക്ക് പോലീസ് മർദനമേൽക്കേണ്ടി വരുന്ന സാഹചര്യം സങ്കടകരമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. എന്നാൽ കേരള സർവകലാശാലയിലെ അക്രമ സമരത്തിന്റെ പേരിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പോലീസ് മർദനമേറ്റുവെന്ന വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവന കൗതുകമുണർത്തുന്നതാണെന്നും അവർ വിമർശിച്ചു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ജനാധിപത്യപരമായ സമരങ്ങളോട് കാണിച്ച അസഹിഷ്ണുത കേരളം മറന്നിട്ടില്ലെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം. ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ഗൺമാൻമാരെക്കൊണ്ട് മർദിച്ച സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചയാളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവെന്നും അവർ ആരോപിച്ചു.

ഇത്തരം പശ്ചാത്തലത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിനെക്കുറിച്ചുള്ള പിണറായി വിജയന്റെ പ്രതികരണത്തെ ‘ചെകുത്താന്റെ വേദമോതൽ’ എന്നല്ലാതെ മറ്റൊരു തരത്തിൽ കാണാനാകില്ലെന്നും ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും പ്രസ്താവനയിൽ പറഞ്ഞു.

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറുമാണ് പ്രസ്താവന പുറത്തിറക്കിയത്.

Share