അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദത്തിനിടെ സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ വഴിത്തിരിവ്. കാന്തപുരം വിഭാഗത്തിലെ ഉന്നത നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ടതിന് പിന്നാലെ, കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയുള്ള മുഖ്യമന്ത്രി നേരത്തേ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

കാന്തപുരത്തിന്റെ പരാമർശത്തെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു കാന്തപുരം വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തങ്ങൾക്കുള്ള എതിർപ്പും നീരസവും നേതാക്കൾ അറിയിച്ചതായാണ് വിവരം. കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതിനാൽ പരാമർശം തിരുത്തണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കപ്പെട്ടത്. വി ഡി സതീശൻ സമ്മർദ്ദത്തിന് വഴങ്ങി എന്നാണ് വിമർശനം.

കെ.പി. നൗഷാദ് അലി എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഖലീൽ ബുഖാരി , വണ്ടൂർ അബ്ദുറഹ്‌മാൻ , പേരോട് അബ്ദുറഹ്‌മാൻ , സെയ്ഫുദ്ദീൻ , അലി അബ്ദുല്ല, സെയ്‌തലവി ചെങ്ങര, സിദ്ദീഖ് തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

നേരത്തെ കാന്തപുരത്തിന്റെ വിവാദ പരാമർശത്തെ തള്ളിയ മുഖ്യമന്ത്രി കടുത്ത നിലപാടാണ് സ്വീകരിച്ചത്. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പുരോഗമന കേരളത്തിന് യോജിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും സതീശൻ വിമർശിച്ചിരുന്നു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നുമുള്ള നിലപാടിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വ്യാപാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യ ആയിഷ യുദ്ധരംഗത്ത് പങ്കെടുത്തിരുന്നുവെന്നും ഉള്ള വസ്തുതകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ പരാമർശമുണ്ടായ ശേഷം വിവിധ മുസ്ളീം വർഗീയ ഗ്രൂപ്പുകൾ മുഖ്യമന്ത്രിക്കെതിരെ കടുത്ത സമ്മർദ്ദവുമായി രംഗത്തെത്തി. കാന്തപുരം ഗ്രൂപ്പ് അതിശക്തമായി രംഗത്തെത്തിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം പദവിക്ക് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രവും ഖുർആനും പ്രവാചകചരിത്രവും കൂടുതൽ പഠിക്കണമെന്നുമായിരുന്നു സംഘടനയുടെ വിമർശനം.

ഇതിനിടെയാണ് നേതാക്കൾ നേരിട്ട് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ കടുത്ത വിമർശനവും അതിനെതിരായ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധവും തമ്മിലുള്ള രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യം വർധിക്കുന്നത്.

അതേസമയം, കാന്തപുരത്തെ പിന്തുണച്ചും ചില നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും മതപരമായ കാര്യങ്ങൾ പറയുന്നവരെ പരിഹസിക്കുകയോ ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.

കാന്തപുരം വിവാദത്തിൽ മുസ്‌ലിം ലീഗിനും സി.പി.എമ്മിനുമിടയിലും വ്യത്യസ്ത പ്രതികരണങ്ങളാണ് പുറത്തുവന്നത്. സി.പി.എം നേതാക്കളായ പി.കെ. ശ്രീമതിയും പി. ജയരാജനും കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ചപ്പോൾ ടി.കെ. ഹംസയും കെ.ടി. ജലീലും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന നിലപാടുമായി രംഗത്തെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും കാന്തപുരത്തെ തള്ളിപ്പറയാൻ തയ്യാറായിരുന്നില്ല.

അബുബക്കർ മുസലിയാരുടെ പ്രസ്താവനയെ ചൊല്ലിയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ നിലപാട് ഫലത്തിൽ തിരുത്തപ്പെട്ടു, കാന്തപുരം ഗ്രൂപ്പിന്റെ പ്രതികരണം, തുടർന്ന് നടന്ന ക്ലിഫ് ഹൗസ് കൂടിക്കാഴ്ച, അതിന് പിന്നാലെ ഉണ്ടായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കൽ എന്നിവയിലൂടെസതീശന്റെ നിലപാടില്ലായ്മ്മ ഒരിക്കൽ കൂടി തുറന്നു കാട്ടപ്പെടുകയാണ്.

Share