കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ അജികുമാറിനും ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2025ൽ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടി, 2019ൽ നടന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളിൽ ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന് പങ്കുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി നേരത്തെ വ്യക്തമാക്കിയിരുന്നു.
2019ൽ നടന്നതായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്ന സ്വർണ അപഹരണവും പിന്നീട് 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവും തമ്മിലുള്ള ബന്ധമാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളിൽ അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ പങ്കും എസ്‌ഐടി അന്വേഷിച്ചിരുന്നു.
ഇതിനിടെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പി എസ് പ്രശാന്തിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാഹചര്യമാണ് ജാമ്യം അനുവദിക്കുമ്പോൾ കോടതി പരിഗണിച്ചത്. കേസിലെ അന്വേഷണവും തുടർനടപടികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്.