തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നിൽ ഉരുണ്ട് കളിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആർ എസ് എസിനെ കൂട്ടിക്കെട്ടി മറുപടി പറഞ്ഞാണ് എം.എ. ബേബി നിലപാടില്ലായ്മ്മ വ്യക്തമാക്കിയത്
സ്ത്രീ-പുരുഷ തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും മതത്തിന്റെ പേരിലുള്ള ഒരു വ്യാഖ്യാനവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാകരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മതങ്ങളും ആവിർഭവിച്ച കാലത്ത് മനുഷ്യസൗഹൃദം, സ്നേഹം, നന്മ എന്നിവയാണ് മുന്നോട്ടുവെച്ചതെന്നും പിന്നീട് വിവിധ മതങ്ങളിൽ യോജിക്കാൻ കഴിയാത്ത ആശയങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.
അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമർശം. മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ പുറത്തുവന്ന പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.ഇതിനു മറുപടിയായിട്ടാണ് കാന്തപുരത്തിന്റെ പേര് കാര്യമായി പരാമർശിക്കാതെ എം എ ബേബി ആർ എസ് എസിനെ പഴി ചാരി രക്ഷ പെടാൻ ശ്രമിച്ചത്
സ്ത്രീവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും ഒരു മതത്തിന്റെ പേരിലും സ്ത്രീ-പുരുഷ തുല്യത ചോദ്യംചെയ്യരുതെന്നും എം.എ. ബേബി പറഞ്ഞു.















