കൊച്ചി: വെണ്ണക്കുടവുമായി ഉണ്ണിക്കണ്ണൻ എത്തുന്ന ദിനം… വീഥികൾ അമ്പാടിയാകുന്ന ദിനം… കൃഷ്ണനാമം പാടി നാടും നഗരവും ഉണരുന്ന ദിനം. അഷ്ടമിരോഹിണിയുടെ നിറവിലാണ് കേരളം. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർഥനകളും നടക്കുമ്പോൾ, കൃഷ്ണവേഷമണിഞ്ഞ കുരുന്നുകളുമായി ബാലഗോകുലത്തിന്റെ ശോഭയാത്രകൾ നാടെങ്ങും ഭക്തിയുടെയും ആഘോഷത്തിന്റെയും വർണപ്പകിട്ടേകും.
ഗുരുവായൂരിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ്. ദർശനത്തിനായി ദൂരദേശങ്ങളിൽനിന്നുൾപ്പെടെ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. അഷ്ടമി രോഹിണിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദമൂട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.
രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്‌ക്ക് രണ്ടുവരെ പ്രസാദ ഊട്ടിനുള്ള വരിനിൽപ്പ് അനുവദിക്കും. അന്നലക്ഷ്മി ഹാൾ, സമീപത്തെ താൽക്കാലിക പന്തലുകൾ, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ടിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമി രോഹിണി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ്. ഉച്ചയ്‌ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഭദ്രദീപം കൊളുത്തി ഭഗവാൻ പാർത്ഥസാരഥിക്ക് സദ്യ സമർപ്പിക്കും. ക്ഷേത്രത്തിനുള്ളിൽ 351 പറ അരിയുടെ സദ്യയും ആകെ 501 പറ അരിയുടെ സദ്യയുമാണ് ഒരുക്കുന്നത്.
കണ്ണന്മാരായി കുരുന്നുകൾ; നാടെങ്ങും ശോഭയാത്രകൾ
ശ്രീകൃഷ്ണ ജയന്തിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ബാലഗോകുലത്തിന്റെ ശോഭയാത്രകൾ. ഉണ്ണിക്കണ്ണനായും രാധയായും ഗോപികമാരായും വേഷമിട്ട കുരുന്നുകൾ ശോഭയാത്രകളിൽ അണിനിരക്കും. കൃഷ്ണനാമജപവും ഭജനയും വാദ്യമേളങ്ങളും നിറയുന്ന ശോഭയാത്രകൾ നാടെങ്ങും ആഘോഷപ്പകിട്ടേകും.
വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാർ ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകും. ബാലദിനമായാഘോഷിക്കുന്ന ജന്മാഷ്ടമിയെ വരവേൽക്കാൻ ബാലഗോകുലം തകൃതിയായ ഒരുക്കങ്ങളിലാണ്.