‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കേരളത്തിലെ മന്ത്രിമാർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചതിനെതിരെ വിമർശനം ശക്തമാകുന്നു. മന്ത്രിമാരുടെ പരിശീലനത്തിനായി ജന്മാഷ്ടമി ദിനം തന്നെ തിരഞ്ഞെടുത്തത് ഒഴിവാക്കാമായിരുന്നില്ലേയെന്ന ചോദ്യവുമായി ബിജെപി നേതാവ് സി.ജി. രാജഗോപാൽ (മുത്തു) രംഗത്തെത്തി.

മന്ത്രിമാർക്ക് പരിശീലന ക്ലാസ് നൽകുന്നത് സർക്കാരിന്റെയും മന്ത്രിസഭയുടെയും ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കിയ രാജഗോപാൽ, എന്നാൽ അതിനായി ശ്രീകൃഷ്ണ ജയന്തി ദിനം തന്നെ തിരഞ്ഞെടുക്കേണ്ടിയിരുന്നോ എന്നാണ് ചോദിച്ചത്. “വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്. ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ? മറ്റൊരു ദിവസം ഈ ക്ലാസ് നടത്താൻ കഴിയുമായിരുന്നില്ലേ?” രാജഗോപാൽ ചോദിച്ചു.

ഗുരുവായൂർ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉൾപ്പെടെ നിരവധി പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളുള്ള കേരളത്തിൽ ജന്മാഷ്ടമി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണ ജയന്തി വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണെന്നും ഈ ദിവസം മന്ത്രിമാരുടെ പരിശീലനം സംഘടിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.

“ഇത് വർഗീയതയോ രാഷ്‌ട്രീയ വിരോധമോ അല്ല. ഒരു സനാതനധർമ്മ വിശ്വാസി എന്ന നിലയിൽ, എല്ലാവർക്കും പ്രിയപ്പെട്ട ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനത്തിന് അർഹിക്കുന്ന പരിഗണന നൽകാമായിരുന്നില്ലേ എന്ന ചോദ്യം മാത്രമാണ്,” അദ്ദേഹം വ്യക്തമാക്കി.

‘ജന്മാഷ്ടമി ആഘോഷങ്ങളിൽ നിന്ന് മന്ത്രിമാരെ ഒഴിവാക്കാനുള്ള നീക്കം’
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാർക്കും പരിശീലനം സംഘടിപ്പിച്ചത് ആസൂത്രിത നീക്കമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ജന്മാഷ്ടമി ആഘോഷങ്ങളിൽ നിന്ന് മന്ത്രിമാരെ ബോധപൂർവം മാറ്റിനിർത്തുന്നതിനുള്ള നീക്കമാണിതെന്നാണ് വിമർശനം.

ഇന്നും നാളെയുമായി നടക്കുന്ന പരിശീലന പരിപാടിയിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുന്നതായും, ഇതിലൂടെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ അറിയിക്കാൻ പോലുമുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. ജന്മാഷ്ടമിയോടുള്ള ഈ അവഗണനയിൽ എൻജിഒ സംഘും പെൻഷനേഴ്സ് സംഘം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Share