ദുബായ്: വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇതിഹാസ താരം മിഥാലി രാജിനെ മറികടന്ന് സ്മൃതി മന്ദാന. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോങ്കോങിനെതിരായ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെയാണ് മന്ദാന ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍നേട്ടം 10,880 ആയി. മിഥാലി രാജിന്റെ 10,868 റണ്‍സെന്ന റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.
റെക്കോര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതിനെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്ന് മന്ദാന പറഞ്ഞു. ”ബാറ്റ് ചെയ്യുമ്പോള്‍ ഏത് റെക്കോര്‍ഡാണ് മറികടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. കൃത്യമായ റണ്‍സ് എത്രയാണെന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ നല്ലൊരു ദിവസമാണിത്. മിഥാലി ദീ ഒരു ഇതിഹാസവും ഞങ്ങളുടെ റോള്‍ മോഡലുമായിരുന്നു. അവരെ ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്,” മന്ദാന പറഞ്ഞു.
മിഥാലിയെ റണ്‍വേട്ടയില്‍ മറികടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മന്ദാന വ്യക്തമാക്കി. ”അവരെ റണ്‍സില്‍ മറികടക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ ആദ്യ രണ്ട് സ്ഥാനങ്ങളിലും രണ്ട് ഇന്ത്യക്കാര്‍ തന്നെയാണെന്നതില്‍ സന്തോഷമുണ്ട്,” എന്നും മന്ദാന പറഞ്ഞു. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും മന്ദാന സ്വന്തമാക്കി. വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മന്ദാനയുടെ പേരിലായത്.
18 അന്താരാഷ്‌ട്ര സെഞ്ചുറികളുമായി ഓസ്ട്രേലിയന്‍ ഇതിഹാസ താരം മെഗ് ലാനിങ്ങിന്റെ 17 സെഞ്ചുറികളെന്ന റെക്കോര്‍ഡും മന്ദാന മറികടന്നു. ഹോങ്കോങ്ങിനെതിരെ 124 റണ്‍സെടുത്ത മന്ദാന വനിതാ ടി20 ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഉടമയായി. 2024ല്‍ മലേഷ്യക്കെതിരെ ശ്രീലങ്കന്‍ താരം ചമാരി അത്തപ്പത്തു നേടിയ പുറത്താകാതെ 119 റണ്‍സിന്റെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.
𝙎𝙘𝙖𝙡𝙞𝙣𝙜 𝙉𝙚𝙬 𝙃𝙚𝙞𝙜𝙝𝙩𝙨 𝙛𝙩. 𝙎𝙢𝙧𝙞𝙩𝙞 𝙈𝙖𝙣𝙙𝙝𝙖𝙣𝙖 🫡
A special conversation with the leading run-getter in women’s international cricket! – By @mihirlee_58 #TeamIndia | #INDvHK | #WomensAsiaCup | @mandhana_smriti pic.twitter.com/L1WwfKVrz7
— BCCI Women (@BCCIWomen) September 4, 2026
മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 16.2 ഓവറില്‍ 56 റണ്‍സിന് പുറത്തായി. ഇതോടെ വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍ വ്യത്യാസത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിജയവും സ്വന്തമായി. ഏഷ്യാ കപ്പിന്റെ സെമിഫൈനല്‍ ഉറപ്പിച്ച ഇന്ത്യ, അവസാന ലീഗ് മത്സരത്തില്‍ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ നേരിടും. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മന്ദാനയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് വീണ്ടും മികച്ച പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.