ന്യൂഡല്‍ഹി: പ്രായത്തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അണ്ടര്‍-19 ലെഗ് സ്പിന്നര്‍ രോഹിത് യാദവിന് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ബിസിസിഐ. ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ഭാഗമായിരുന്നു രോഹിത്. വിലക്ക് നിലവില്‍ വന്നതോടെ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അണ്ടര്‍-19 പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കി.
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബെംഗാള്‍ നടത്തിയ പ്രീ-സീസണ്‍ രേഖാ പരിശോധനയ്‌ക്കിടെയാണ് രോഹിത് യാദവിന്റെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് കണ്ടെത്തിയത്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന താരത്തിന്റെ രേഖകളില്‍ 27 മാസത്തെ പ്രായവ്യത്യാസം കണ്ടെത്തിയതായി സിഎബി അറിയിച്ചു. വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും. ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
സെപ്റ്റംബര്‍ അവസാനത്തോടെ ഓസ്ട്രേലിയക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് മള്‍ട്ടി-ഡേ മത്സരങ്ങളും ഇന്ത്യന്‍ അണ്ടര്‍-19 ടീമിന് കളിക്കാനുണ്ട്. എന്നാല്‍ പ്രായത്തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഹിത് യാദവിനെ ഈ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിന്‍വലിച്ചു. സിഎബി നടത്തിയ പരിശോധനയില്‍ രോഹിത്തിന് പുറമെ സമാനമായ പ്രായവ്യത്യാസം കണ്ടെത്തിയ 64 താരങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പ്രായത്തട്ടിപ്പ് നടപടിയില്‍ ശ്രദ്ധേയമായ മറ്റൊരു പേര് 2022ലെ അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന രവി കുമാറിന്റേതാണ്.
ഇടംകൈയന്‍ പേസറായ രവി കുമാര്‍ അതേ വര്‍ഷം ബംഗാളിന്റെ സീനിയര്‍ ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. 2023ലാണ് താരം അവസാനമായി കളിച്ചത്. രവി കുമാറിന്റെ പ്രായരേഖകളിലും വലിയ പൊരുത്തക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 2025-26 സീസണ്‍ വരെയുള്ള അരങ്ങേറ്റം മുതലുള്ള താരത്തിന്റെ റെക്കോര്‍ഡുകള്‍ അസാധുവായി കണക്കാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.