കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം 5.30 മുതല്‍ പ്രോജക്ട് മലബാറിക്കസ്' അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, പ്രവേശനം സൗജന്യം, ഫൈനല്‍ രാത്രി എട്ടിന്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാന്‍ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീന്‍ഫീല്‍ഡിലെത്തുന്നു. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന കെസിഎല്‍ ഫൈനല്‍ പോരാട്ടത്തിന് മാറ്റുകൂട്ടാനാണ് സിത്താരയുടെ പ്രശസ്ത ബാന്‍ഡായ ‘പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്. വൈകുന്നേരം 5.30 മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന സംഗീത നിശയിലേക്ക് പ്രവേശനം സൗജന്യം.

പരമ്പരാഗത തനിമയുള്ള നാടന്‍ പാട്ടുകളെയും ശാസ്ത്രീയ സംഗീതത്തെയും ആധുനിക റോക്ക്, ഫ്യൂഷന്‍ ശൈലികളുമായി സമന്വയിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ബാന്‍ഡാണ് പ്രോജക്ട് മലബാറിക്കസ്. ഏലലാം കിളി,ചായപ്പാട്ട്, അരുതരുതേ, പിള്ളേരാണ്, ഭഗവതി തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഗ്രീന്‍ഫീല്‍ഡിലും ആവേശം നിറയ്‌ക്കും. സിത്താരയുടെ മാസ്മരിക ശബ്ദത്തിനൊപ്പം ലിബോയ് പ്രൈസ്ലി (റിഥം ഗിറ്റാര്‍), വിജോ ജോബ് (ലീഡ് ഗിറ്റാര്‍), അജയ് കൃഷ്ണന്‍ (ബേസ് ഗിറ്റാര്‍), മിഥുന്‍ പോള്‍ (ഡ്രംസ്), ശ്രീനാഥ് നായര്‍ (കീബോര്‍ഡ്, വോക്കല്‍സ്) എന്നിവര്‍ കൂടി സ്റ്റേജിലെത്തുമ്പോള്‍ തലസ്ഥാന ന?ഗരിക്ക് അവിസ്മരണീയ സംഗീതരാവാകും സമ്മാനിക്കുക. ഒരിടവേളയ്‌ക്ക് ശേഷം ഇതാദ്യമായാണ് സിത്താരയും സംഘവും തലസ്ഥാനത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്.

പാട്ടിന്റെ പിച്ചില്‍ തീപ്പൊരി പാറിക്കുന്ന സിത്താരയുടെ പ്രകടനവും, പിന്നാലെ നടക്കുന്ന വാശിയേറിയ ഫൈനല്‍ പോരാട്ടവും കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമാകും. ഫൈനല്‍ പോരാട്ടം വലിയൊരു കായിക-സാംസ്‌കാരിക ഉത്സവമാക്കി മാറ്റാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. സംഗീതവിരുന്നിന് ശേഷം രാത്രി എട്ടിന് കലാശപ്പോരാട്ടത്തിന് തുടക്കമാകും.

Share