തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിലെ തർക്കം കൈയാങ്കളിയിലെത്തി. ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ്, പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. സംഭവത്തിൽ എംഎൽഎയ്‌ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും പരിക്കേറ്റതായി ഇരുകൂട്ടരും ആരോപിച്ചു.
പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം, എംഎൽഎയും ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപും ചേർന്ന് തങ്ങളെ ആക്രമിച്ചെന്നാണ് സജിത്ത് ഉൾപ്പെടെയുള്ളവരുടെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിനിടെ “എന്റെ കൈ വിടടാ”, “നീയാരാടാ” തുടങ്ങിയ വാക്കുകൾ എംഎൽഎ പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.
സംഘർഷത്തിന് പിന്നിൽ ബ്ലോക്ക് പഞ്ചായത്ത് യോഗവുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റിങ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. എംഎൽഎയുടെ പിഎ പാളയം പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാവ് കിഴുവിലം മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്.
ഇത് ചോദ്യം ചെയ്യാനായി രമ്യ ഹരിദാസും പാളയം പ്രദീപും പ്രാദേശിക നേതാവിന്റെ വീട്ടിലെത്തിയെന്നാണ് ആരോപണം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. തുടർന്ന് വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.
പാളയം പ്രദീപ് സജിത്തിനെ മർദിച്ചതായും വീട്ടിലെ സാധനങ്ങൾ തകർത്തതായും ദൃശ്യങ്ങൾ പകർത്തിയവരെയും ആക്രമിച്ചതായും പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു. പാളയം പ്രദീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എംഎൽഎയുടെ ബിനാമിയാണെന്ന ആരോപണവും പരാതിയിലുണ്ട്.
അതേസമയം, തങ്ങളെയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചതെന്നാണ് എംഎൽഎയുടെ നിലപാട്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് രമ്യ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തി. എംഎൽഎ ആശുപത്രിയിലെത്തി ചികിത്സയും തേടി.സംഭവത്തോടെ ചിറയിൻകീഴിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ ഭിന്നത വീണ്ടും പരസ്യമായിരിക്കുകയാണ്.