ലണ്ടൻ: ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന നിലയിലുള്ള രാഷ്‌ട്രീയ ആശയമല്ലെന്നും മറിച്ച് സാംസ്കാരിക ആശയമാണെന്നും ആർഎസ്എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. ഹിന്ദുത്വത്തെക്കുറിച്ച് പാശ്ചാത്യ അക്കാദമിക മേഖലയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുകെ സന്ദർശനത്തിന്റെ ഭാഗമായി പാശ്ചാത്യ അക്കാദമിക മേഖലയിലെ ഹിന്ദുത്വ ആഖ്യാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുനിൽ അംബേക്കർ. ഭാരതത്തെയും ഹിന്ദുത്വത്തെയും രാഷ്‌ട്രീയ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ധാരാളം തെറ്റിദ്ധാരണകളുണ്ട്. ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്’, സുനിൽ അംബേക്കർ പറഞ്ഞു.
ഹിന്ദുത്വം ഒരു മതമല്ലെന്നും അത് സ്ഥിരമായ ഒരു ആശയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും ഒരു മതത്തെയോ മതപരമായ ആചാരങ്ങളെയോ മാത്രം കേന്ദ്രീകരിക്കുന്നതല്ല ഹിന്ദുത്വമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അംഗീകരിക്കുകയും ചെയ്യുന്ന ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ അക്കാദമിക മേഖലയിൽ ഹിന്ദുത്വത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. തന്റെ യുകെ സന്ദർശനം ഇത്തരം ആശയങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘അതാണ് ഹിന്ദുത്വം. അതാണ് ഭാരതം. അതിനാൽ ആശയങ്ങൾ വ്യക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഞാൻ കരുതുന്നു’, സുനിൽ അംബേക്കർ വ്യക്തമാക്കി.