18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നര്‍ സായ് കിഷോര്‍. ഡെര്‍ബിഷെറിനെതിരെ ഗ്ലോസ്റ്റെര്‍ഷെറിന് 213 റണ്‍സിന്റെ കൂറ്റന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് സായിയുടെ ഉജ്ജ്വല ബൗളിംഗ് പ്രകടനം. 319 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ഇറങ്ങിയ ഡെര്‍ബിഷെര്‍ വെറും 105 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ അഞ്ച് വിക്കറ്റുകളാണ് സായ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നേടിയ സായ്, മത്സരത്തില്‍ ആകെ ഏഴ് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. രണ്ടാം ഇന്നിങ്സില്‍ 18 ഓവര്‍ പന്തെറിഞ്ഞ താരം 12 മെയ്ഡന്‍ ഉള്‍പ്പെടെ വെറും 20 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മത്സരത്തിന്റെ അവസാന ദിനം തുടക്കത്തില്‍ തന്നെ പന്തേല്‍പ്പിക്കപ്പെട്ട സായ് പിച്ചിന്റെ ആനുകൂല്യം കൃത്യമായി മുതലെടുത്തു. റണ്‍സ് വിട്ടുകൊടുക്കാതെ ഡെര്‍ബിഷെര്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയ താരം കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്‌ത്തി.

ഡെര്‍ബിഷെറിന്റെ മുന്‍നിരയിലെ അഞ്ച് ബാറ്റര്‍മാരെയാണ് സായ് പുറത്താക്കിയത്. താരത്തിന്റെ സ്പിന്നിനെ നേരിടാന്‍ കഴിയാതെ പാക് ബാറ്റിങ് നിര തുടക്കം മുതല്‍ പതറുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഡെര്‍ബിഷെയറിന്റെ പത്ത് വിക്കറ്റുകളും ഗ്ലോസ്റ്റെര്‍ഷെറിന്റെ സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലീഷ് കൗണ്ടിയിലും തുടര്‍ച്ചയായി മികച്ച പ്രകടനമാണ് സായ് കിഷോര്‍ പുറത്തെടുക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരത്തിന്റെ കൗണ്ടിയിലെ മിന്നും പ്രകടനം വീണ്ടും ശ്രദ്ധ നേടുകയാണ്.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് ടീം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റിലും കൗണ്ടിയിലും മികച്ച പ്രകടനം നടത്തുന്ന സായ് കിഷോറിനെപ്പോലുള്ള താരങ്ങളുടെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

Share