തൃശൂര്‍: ദേശീയപാത 66-ല്‍ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലഹരി ഉപയോഗവും അപകടകാരണമായിരുന്നോ എന്ന് പരിശോധിക്കുന്നു. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക ഫൊറന്‍സിക് പരിശോധനയില്‍ മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് വിവരം.
മരിച്ച വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വിശദമായ പരിശോധനയ്‌ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് മാത്രം അപകടത്തിന്റെ കാരണം സ്ഥിരീകരിക്കുന്നതിന് മതിയായ തെളിവല്ലെന്ന് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും, മദ്യപാനം മാത്രമാണ് അപകടത്തിന് കാരണമായതെന്ന് ഇപ്പോള്‍ അന്തിമമായി പറയാനാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
രക്തസാംപിളുകളുടെ വിശദമായ രാസപരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും വിദ്യാര്‍ഥികള്‍ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നതില്‍ കൂടുതല്‍ വ്യക്തത ലഭിക്കുക. അപകടത്തിന്റെ മറ്റ് കാരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.