270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് ഇരട്ട സെഞ്ചുറി. 270 പന്തില്‍ 26 ഫോറും രണ്ട് സിക്‌സും സഹിതമാണ് ഇഷാന്‍ 203 റണ്‍സ് പിന്നിട്ട് ഡബിള്‍ സെഞ്ചുറി നേടിയത്. ഒന്നാം ഇന്നിങ്‌സ് തുടരുന്ന ഈസ്റ്റ് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 567 റണ്‍സെന്ന നിലയിലാണ്. ഇഷാനൊപ്പം അനുകുല്‍ റോയ് ആണ് ക്രീസില്‍. നേരത്തെ കുമാര്‍ കുശാഗ്രയും ഈസ്റ്റ് സോണിനായി സെഞ്ചുറി നേടി. 132 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 101 റണ്‍സെടുത്ത കുശാഗ്ര ശതകം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്തായി.

അഞ്ചാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് 230 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടാണ് ഈസ്റ്റ് സോണിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരന്‍ (72), ശിഖര്‍ മോഹന്‍ (85) എന്നിവരും അര്‍ധ സെഞ്ചുറി നേടി ടീമിന് മികച്ച തുടക്കം നല്‍കി. 15കാരനായ വൈഭവ് സൂര്യവംശി 44 റണ്‍സെടുത്ത് പുറത്തായി. സൗത്ത് സോണിനായി ത്രിപുരന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അഭിമന്യു ഈശ്വരന്‍ റണ്ണൗട്ടായാണ് മടങ്ങിയത്. ഈസ്റ്റ് സോണിന്റെ ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറി ദുലീപ് ട്രോഫി ഫൈനലിലെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നായി മാറി.

Share