ചെന്നൈ: മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് സർക്കാർ കരാറുകാരിൽ നിന്ന് കരാർ തുകയുടെ 7.5 ശതമാനം മുതൽ 10 ശതമാനം വരെ ‘പാർട്ടി ഫണ്ടായി’ ഈടാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചത്.
കരാർ തുകയുടെ നിശ്ചിത ശതമാനം ഒറ്റത്തവണയായി അല്ല, ലോൺ തിരിച്ചടയ്‌ക്കുന്നതുപോലെ ഗഡുക്കളായാണ് പിരിച്ചിരുന്നതെന്നും ജോസഫ് വിജയ് നിയമസഭയിൽ ആരോപിച്ചു.
മുൻ മന്ത്രി വി. സെന്തിൽ ബാലജിയുടെ നേതൃത്വത്തിൽ ടാസ്മാക് ബാറുകളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും പണം പിരിച്ച സംഘത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘കരൂർ ഗാങ്’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഎംകെ ഭരണകാലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലും വളരെ വ്യവസ്ഥാപിതമായി നടപ്പാക്കിയിരുന്നുവെന്നും ജോസഫ് വിജയ് ആരോപിച്ചു.
അന്നത്തെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും അന്നത്തെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഈ ഇടപാടുകളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നതായും ജോസഫ് വിജയ് നിയമസഭയിൽ അവകാശപ്പെട്ടു.
കരാറുകാരിൽ നിന്ന് പണം പിരിച്ചുവെന്ന ആരോപണം മുതൽ ടാസ്മാക് ബാറുകളിൽ നിന്നുള്ള പണപ്പിരിവ് വരെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് മുൻ ഡിഎംകെ സർക്കാരിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ കടുത്ത വിമർശനം ഉന്നയിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായി ഇഡി രേഖകളെയാണ് ജോസഫ് വിജയ് ചൂണ്ടിക്കാട്ടിയത്.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നത് ഉൾപ്പെടെയുള്ള 15 നിർണായക ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി സിനിമാ സ്റ്റൈലിൽ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്ന് ഉദയനിധി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സഭയിൽ വലിയ ബഹളവും ഉണ്ടായി. തുടർന്ന് ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
ഡിഎംകെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകളും അഴിമതി ആരോപണങ്ങളും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കും അതിനെതിരെ ഉദയനിധി ഉയർത്തിയ വിമർശനങ്ങൾക്കും പിന്നാലെ നിയമസഭാ നടപടികൾ സംഘർഷഭരിതമായി.