ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദര സന്ദര്‍ശനത്തിന് വന്‍ ജനപങ്കാളിത്തം. പരിപാടിയിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമായ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു. തുടര്‍ന്ന് 42,000ലേറെ പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഇടംപിടിച്ചതായി ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി എക്സില്‍ അറിയിച്ചു. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ബുക്ക്മൈഷോ വഴി പരിപാടിയിലേക്കുള്ള പൊതുജന രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയത്. സീറ്റുകള്‍ പൂര്‍ണമായതോടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയും അധിക അപേക്ഷകരെ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറ്റുകയുമായിരുന്നു.
പരിപാടിയുടെ പ്രവേശനവും ജനക്കൂട്ട നിയന്ത്രണവും കൂടുതല്‍ ക്രമീകരിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബുക്ക്മൈഷോ അക്കൗണ്ട് വഴി ഡിജിറ്റല്‍ എം-ടിക്കറ്റ് ലഭിക്കും. സുരക്ഷിതമായ ലൈവ് ക്യുആര്‍ കോഡ് അടങ്ങിയ ടിക്കറ്റ് വേദിയിലെത്തുമ്പോള്‍ സ്‌കാന്‍ ചെയ്ത് പ്രവേശനം സ്ഥിരീകരിക്കും.
രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ പരിശോധന, പ്രവേശനം, സീറ്റിംഗ് മാനേജ്‌മെന്റ് എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. വലിയ ജനക്കൂട്ടത്തിന്റെ പ്രവേശനവും സഞ്ചാരവും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും സംവിധാനം സഹായിക്കും. ചൊവ്വാഴ്ച വഡോദരയിലെത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.
വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിന്റെ 326 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് സെക്ഷനുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 20,700 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. സനന്ദ് (നോര്‍ത്ത്)-മകര്‍പുര, ന്യൂ ഉംബര്‍ഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ജെഎന്‍പിടി സെക്ഷനുകളാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇതോടെ വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് അതോറിറ്റിയിലേക്കുള്ള ചരക്ക് ഗതാഗതം കൂടുതല്‍ സുഗമമാകും.
ന്യൂ സനന്ദ് (നോര്‍ത്ത്), ന്യൂ മകര്‍പുര, ന്യൂ ഉംബര്‍ഗാവ്, ന്യൂ ജെഎന്‍പിടി എന്നിവിടങ്ങളില്‍ നിന്ന് പുതിയ ചരക്ക് ട്രെയിന്‍ സര്‍വീസുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. വഡോദരയില്‍ നിന്ന് ടാണ്ട റോഡിലേക്കുള്ള പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിനും തുടക്കമാകും. 329 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മൂന്ന് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. 9,700 കോടിയിലധികം രൂപയാണ് പദ്ധതികളുടെ ഏകദേശ ചെലവ്. വഡോദര-രത്‌ലം മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍, മിയാഗം കര്‍ജന്‍-ചോരണ്ട-മല്‍സര്‍ ഗേജ് പരിവര്‍ത്തനം, വിശ്വാമിത്രി-ദാഭോയ് റെയില്‍വേ ഇരട്ടിപ്പിക്കല്‍ എന്നിവയാണ് പദ്ധതികള്‍.
ഏകദേശം 1,780 കോടി രൂപ ചെലവുവരുന്ന മൂന്ന് ദേശീയപാത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് സര്‍ക്കാരിന്റെ ഏകദേശം 2,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും പരിപാടിയുടെ ഭാഗമാണ്. വഡോദരയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കായി സ്വകാര്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് പൊതുജന രജിസ്‌ട്രേഷന്‍, പ്രവേശന നിയന്ത്രണം, സീറ്റിംഗ് മാനേജ്‌മെന്റ് എന്നിവ ഏകോപിപ്പിക്കുന്നതും പരിപാടിയുടെ ശ്രദ്ധേയമായ പ്രത്യേകതയാണ്.