ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1.10 കോടി രൂപയുടെ 24 കാരറ്റ് സ്വര്‍ണം പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്. മുംബൈ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ ഹോങ്കോങ്ങില്‍ നിന്ന് ഇറക്കുമതി ചെയ്ത ചരക്കില്‍ നിന്നാണ് 691.870 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ചൈനീസ് പൗരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റാണ് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ നടപടി സ്വീകരിച്ചത്. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ ട്രെഡ്മില്‍ മോട്ടോര്‍ പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ആര്‍ക്ക് ആകൃതിയിലുള്ള ബാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മുംബൈ, ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട് എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധനകള്‍ നടത്തി. ചൈനീസ് പൗരന്മാരും ഇന്ത്യന്‍ കൂട്ടാളികളും ചേര്‍ന്ന് നിയമാനുസൃത വാണിജ്യ ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിആര്‍ഐ അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും സ്വര്‍ണക്കടത്ത് ശൃംഖലയുടെ വ്യാപ്തി എത്രയാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഇതിനിടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും വന്‍ സ്വര്‍ണാഭരണ വേട്ട. 1.07 കോടി രൂപയിലധികം വിലമതിക്കുന്ന വജ്രം പതിപ്പിച്ച സ്വര്‍ണവളയാണ് കസ്റ്റംസ് പിടികൂടിയത്.

ഓഗസ്റ്റ് 19ന് ഇസ്താംബൂളില്‍ നിന്ന് എത്തിയ രണ്ട് തുര്‍ക്കി പൗരന്മാരെയാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തടഞ്ഞ് പരിശോധിച്ചത്. വിശദമായ ബാഗേജ്, വ്യക്തിഗത പരിശോധനകള്‍ക്കൊടുവിലാണ് ആഭരണം കണ്ടെത്തിയത്. 750 പ്യൂരിറ്റി സ്വര്‍ണത്തില്‍ നിര്‍മിച്ച വളയ്‌ക്ക് 87.5 ഗ്രാം ഭാരമുണ്ട്. ഏകദേശം 50 കാരറ്റ്, അതായത് 10 ഗ്രാം വജ്രവും ഇതില്‍ ഉള്‍പ്പെടുന്നതായി കസ്റ്റംസ് അറിയിച്ചു. ആഭരണത്തിന്റെ താല്‍ക്കാലിക മൂല്യം 1,07,86,301 രൂപയായി കണക്കാക്കി. കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 110 പ്രകാരം ആഭരണം പിടിച്ചെടുത്തതായും സെക്ഷന്‍ 104 പ്രകാരം രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തതായും ഡല്‍ഹി കസ്റ്റംസ് വ്യക്തമാക്കി.

Share
Published by
ജനം വെബ്‌ഡെസ്ക്