23 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ കായിക താരങ്ങള്‍? 2027 ദക്ഷിണേഷ്യന്‍ ഗെയിംസിന് ക്ഷണം ഇന്ത്യ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നടക്കുന്ന 2027 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യ തത്വത്തില്‍ സമ്മതിച്ചതായി പാകിസ്ഥാന്‍ ഒളിമ്പിക് അസോസിയേഷന്‍. ഇന്ത്യ ക്ഷണം സ്വീകരിച്ചതായും 2027 ജനുവരിയില്‍ ഇന്ത്യന്‍ കായിക സംഘത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാകിസ്ഥാന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഖാലിദ് മഹ്‌മൂദ് അറിയിച്ചു. 2027 ഏപ്രിലിലാണ് ഗെയിംസ് നടക്കുക. ഇസ്ലാമാബാദ്, ലാഹോര്‍, പെഷാവര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 4 മുതല്‍ 11 വരെയാണ് നിലവിലെ ഷെഡ്യൂള്‍. എന്നാല്‍ നേരത്തെയുള്ള പ്രഖ്യാപനത്തില്‍ ഏപ്രില്‍ 3 ആയിരുന്നു ഉദ്ഘാടന തീയതിയായി നല്‍കിയിരുന്നത്.

അതേസമയം, പാക് ഒളിമ്പിക് അസോസിയേഷന്‍ തലത്തിലുള്ള ധാരണ ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനുള്ള അന്തിമ അനുമതിയായി കണക്കാക്കാനാകില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോ കേന്ദ്രസര്‍ക്കാരോ താരങ്ങളുടെ പാകിസ്ഥാന്‍ യാത്രയ്‌ക്ക് ഔദ്യോഗിക അനുമതി നല്‍കിയതായി ഇതുവരെ പ്രത്യേക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനില്‍ നടക്കുന്ന കായിക മത്സരങ്ങളിലെ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസരിച്ചായിരിക്കും ഐഒഎയുടെ നിലപാട് എന്നായിരുന്നു നേരത്തെയുള്ള സൂചന.

ഗെയിംസിന്റെ ഒരുക്കങ്ങളില്‍ ഇന്ത്യ നേരത്തെ തന്നെ പങ്കാളിയായിരുന്നു. ഓഗസ്റ്റ് 23ന് ഇസ്ലാമാബാദില്‍ ചേര്‍ന്ന സൗത്ത് ഏഷ്യ ഒളിമ്പിക് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. 2025 ഫെബ്രുവരിയില്‍ നടന്ന യോഗത്തിലും ഗെയിംസില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യപാക് ബന്ധത്തിലെ തുടര്‍ന്നുള്ള രാഷ്‌ട്രീയ, കായിക സാഹചര്യങ്ങള്‍ക്കിടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.

28 കായിക ഇനങ്ങളാണ് 2027 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമാബാദില്‍ 15 ഇനങ്ങളും ലാഹോറില്‍ 10 ഇനങ്ങളും പെഷാവറില്‍ മൂന്ന് ഇനങ്ങളുമാണ് നടക്കുക. ക്രിക്കറ്റ്, ഹോക്കി, നീന്തല്‍ തുടങ്ങിയ പ്രധാന മത്സരങ്ങള്‍ക്ക് ലാഹോര്‍ വേദിയാകും. ടെന്നിസ്, സ്‌ക്വാഷ്, വിവിധ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇസ്ലാമാബാദില്‍ നടക്കും. അത്‌ലറ്റിക്‌സ്, അമ്പെയ്‌ത്ത്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, കബഡി, ഷൂട്ടിങ്, നീന്തല്‍, ടെന്നിസ്, ഗുസ്തി, ഭാരോദ്വഹനം തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍.

Share