ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി ഇ-മെയില്‍. ചൊവ്വാഴ്ച രാവിലെ 8.39ഓടെയാണ് സ്പീക്കറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്ക് ഭീഷണി സന്ദേശമെത്തിയത്. നിയമസഭാ മന്ദിരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണിയെന്നാണ് വിവരം. ഭീഷണി ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറി. ഡല്‍ഹി പോലീസിന്റെ സംഘം നിയമസഭാ പരിസരത്തെത്തി വിശദമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഖലിസ്ഥാന്‍ സംഘടനയുടെ പേരിലാണ് ഭീഷണി ഇ-മെയില്‍ ലഭിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഡല്‍ഹി നിയമസഭയ്‌ക്കും സ്പീക്കര്‍ക്കും ബോംബ് ഭീഷണി ലഭിക്കുന്നത് ഇതാദ്യമല്ല. മാര്‍ച്ചിലും നിയമസഭാ മന്ദിരത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയിലുകള്‍ ലഭിച്ചിരുന്നു.

സ്പീക്കറുടെ ഔദ്യോഗിക അക്കൗണ്ടിലേക്കും നിയമസഭയുടെ ഔദ്യോഗിക ഇ-മെയിലിലേക്കുമാണ് അന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ബജറ്റ് സമ്മേളനത്തിനിടെ സെക്രട്ടേറിയറ്റിനും സ്പീക്കറുടെ ഓഫീസിനും ഏകദേശം ആറ് മുതല്‍ ഏഴ് വരെ ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചിരുന്നതായാണ് വിവരം. തുടര്‍ച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രത്യേക സുരക്ഷാ സംഘത്തിന്റെ മുഴുവന്‍ സമയ സംരക്ഷണവും എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പെടുന്നതാണ് സുരക്ഷാ ക്രമീകരണം.

Share
Published by
ജനം വെബ്‌ഡെസ്ക്