പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചുമതലയിൽനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിന്റെ വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സെപ്റ്റംബർ 14 വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.പി. ജബ്ബാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടിയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്.

മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതലയിൽനിന്ന് മാറ്റിയതെന്നാണ് കെ.പി. ജബ്ബാറിന്റെ വാദം. കേസിന്റെ വിചാരണയിൽ തുടർന്നും പ്രോസിക്യൂട്ടറായി ഹാജരാകാൻ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം കോടതിയിൽ ഉന്നയിച്ചു.

ജബ്ബാറിനെ മാറ്റിയതിന് പിന്നാലെ പകരം അഡ്വ. ജി. ശുഭദേവനെ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. ഈ നിയമനവും ചുമതല മാറ്റിയ നടപടിയുടെ സാഹചര്യങ്ങളും ഉൾപ്പെടെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

അതേസമയം, സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഒരാഴ്ചത്തെ സമയം തേടി. സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനൊപ്പം പുതിയതായി നിയമിക്കപ്പെട്ട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ശുഭദേവനോടും എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

ഹർജി സെപ്റ്റംബർ 14ന് വീണ്ടും പരിഗണിക്കും. അതുവരെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിന്റെ വിചാരണ നടപടികൾ മുന്നോട്ടുപോകില്ല.

2016 ഏപ്രിൽ 10ന് പുലർച്ചെയാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ വൻ ദുരന്തമുണ്ടായത്. നിരവധി പേരുടെ മരണത്തിനും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയ സംഭവത്തിൽ വർഷങ്ങൾക്കിപ്പുറവും നിയമനടപടികൾ തുടരുന്നതിനിടെയാണ് പ്രോസിക്യൂട്ടർ മാറ്റവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതിയിലെത്തിയത്.

Share