വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പണിത വീട്ടിൽ താമസിക്കാമെന്ന പ്രതീക്ഷയിലായിരുന്ന സദനും കുടുംബത്തിനും മുന്നിൽ അപ്രതീക്ഷിത ദുരന്തം. കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിലെ ഒറ്റമാവുങ്കാലിൽ നിർമാണം പൂർത്തിയാക്കിയ വീടിനടിയിൽ വൻ ഗുഹ കണ്ടെത്തിയതോടെയാണ് കുടുംബത്തിന്റെ സ്വപ്നം തകർന്നത്. വിദഗ്ധ പരിശോധനയ്‌ക്ക് പിന്നാലെ വീട് താമസയോഗ്യമല്ലെന്ന് അധികൃതർ റിപ്പോർട്ട് നൽകി.

ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ജിയോളജി, സോയിൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സോയിൽ പൈപ്പിങ് മൂലമാണ് ഗുഹ രൂപപ്പെട്ടതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വീടിന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ ഇവിടെ താമസിക്കുന്നത് സാധ്യമല്ലെന്നാണ് അധികൃതരുടെ റിപ്പോർട്ട്. ഇതോടെ ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വീടുമായി ബന്ധപ്പെട്ട് സദനും കുടുംബവും പ്രതിസന്ധിയിലായി. പുതിയൊരു വീട് നിർമിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും സഹായം വേണമെന്നും സദൻ അഭ്യർഥിച്ചു.

സദനും കുടുംബത്തിനും പുതിയ വീട് നിർമിച്ചുനൽകാൻ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. സ്ഥലം വാങ്ങി പുതിയ വീട് നിർമിച്ചുനൽകാനാണ് തീരുമാനം. സ്ഥലം സൗജന്യമായി ലഭിച്ചാൽ അത് സ്വീകരിക്കാനും സമിതി തയ്യാറാണ്. ആറുമാസത്തിനുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി അഞ്ചംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സദന് കൈത്താങ്ങായി സുരേഷ് ഗോപി
ഇതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സദന് സഹായവുമായി രംഗത്തെത്തിയത്. വീടിനായി ഒരുലക്ഷം രൂപ നൽകാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. സദന്റെ ദുരവസ്ഥ സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്. പുതിയൊരു വീട് എന്ന സദന്റെയും കുടുംബത്തിന്റെയും സ്വപ്നത്തിന് നാട്ടുകാരുടെ കൂട്ടായ്മയും സുരേഷ് ഗോപിയുടെ സഹായവാഗ്ദാനവും പ്രതീക്ഷയാകുകയാണ്.

വർഷങ്ങളുടെ കഷ്ടപ്പാടിനൊടുവിൽ പണിത വീട്; പക്ഷേ വീടിനടിയിലെ ഗുഹ കാരണം അവിടെ താമസിക്കാനാകാത്ത അവസ്ഥ. പുതിയൊരു വീടിനായുള്ള സദന്റെ കാത്തിരിപ്പിന് ഇനി നാട്ടുകാരുടെ കൈത്താങ്ങാണ് പ്രതീക്ഷ.

Share