സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. നാളെ മുതൽ സംസ്ഥാനത്തെ മുഴുവൻ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു.

പ്രിയദർശിനി പദ്ധതി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, വിദ്യാർഥി കൺസെഷൻ നിരക്ക് കുറഞ്ഞത് അഞ്ച് രൂപയാക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവയ്‌ക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാകുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

പ്രിയദർശിനി പദ്ധതി കാരണം സംസ്ഥാനത്തെ 50 ശതമാനം സ്വകാര്യ ബസുകൾക്ക് സർവീസ് നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണെന്നാണ് ബസ് ഉടമകൾ പറഞ്ഞു. മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാത്ത പക്ഷം ഈ മാസം 30നകം സൂചനാ സമരം നടത്തുമെന്നും, തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും സമരവുമായി രംഗത്തുണ്ട്. പാലക്കാട് ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടനയും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.

Share