തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന 80s റെട്രോ AI ട്രെൻഡിന് പിന്നിൽ ഡിജിറ്റൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പുമായി ഐടി വിദഗ്ധൻ ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ. ഇന്നത്തെ ചിത്രങ്ങൾ AI ടൂളുകളിൽ നൽകി 1980കളിലെ രൂപത്തിലേക്ക് മാറ്റുന്ന ട്രെൻഡ് കൗതുകകരമാണെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
ഫോട്ടോകൾ AI പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖത്തിന്റെ സവിശേഷതകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. AI നൽകുന്ന ചിത്രങ്ങളിൽ മികച്ചത് തിരഞ്ഞെടുക്കുന്നതും വീണ്ടും നിർദേശങ്ങൾ നൽകി ചിത്രങ്ങൾ പരിഷ്കരിക്കുന്നതും AI മോഡലുകൾക്ക് മനുഷ്യരുടെ മുൻഗണനകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഡാറ്റയായി മാറാം.
ഭാവിയിൽ ഇത്തരം ചിത്രങ്ങൾ AI പരിശീലനത്തിനും സിന്തറ്റിക് ഡാറ്റ നിർമ്മാണത്തിനും ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ വെറും കൗതുകത്തിനായി വ്യക്തിഗത ചിത്രങ്ങളും മുഖവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവയ്‌ക്കുമ്പോൾ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും പരിഗണിക്കണം എന്നാണ് വിദഗ്ധന്റെ മുന്നറിയിപ്പ്. രസകരമായ കാര്യം, ഇത്രയും മുന്നറിയിപ്പ് നൽകിയ ശേഷവും “ഇതൊക്കെ പറഞ്ഞാലും ഞാനും ഇത് ചെയ്തു” എന്നാണ് ഡോ. സുനിൽ തോമസ് കുറിപ്പിൽ പറയുന്നത്.