തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് നാളെ മുതൽ മഴയ്‌ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് മുന്നറിയിപ്പിലുള്ളത്.
നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഓരോ ദിവസവും ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് എത്തുന്നത്. ഇതോടെ കനത്ത ചൂടിൽ വലയുന്ന ജനങ്ങൾക്ക് മഴ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
അതേസമയം, മഴ എത്തുന്നതിനിടയിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് (UV) സൂചിക അപകടകരമായ നിലയിൽ തുടരുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് UV ഇൻഡെക്സ് ചുവപ്പ് മുന്നറിയിപ്പ് നിലയിൽ ഉയർന്നിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ UV ഇൻഡെക്സ് 10 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ 9 ഉം പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ 8 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന UV സൂചിക ചർമത്തിനും കണ്ണുകൾക്കും ദോഷകരമായേക്കാവുന്നതിനാൽ ജാഗ്രത അനിവാര്യമാണ്.
പകൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. ഈ സമയത്ത് ശക്തമായ അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നത് ചർമത്തിനും കണ്ണുകൾക്കും കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ ശരീരം പൂർണമായും മറയ്‌ക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അർബുദ രോഗികൾക്കും ചർമ–നേത്ര രോഗങ്ങളുള്ളവർക്കും ഉയർന്ന UV നിലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
മഴ ലഭിക്കുന്നതോടെ പകൽ താപനിലയിൽ ആശ്വാസം ലഭിച്ചേക്കാമെങ്കിലും കാലാവസ്ഥയിലെ മാറ്റങ്ങൾ തുടർന്നും നിരീക്ഷിക്കേണ്ടതുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുള്ളവർ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.