ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡീഗഢ്: പഞ്ചാബി ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. പരമീന്ദർ സിങ് എന്ന ‘പിണ്ഡ’യെയാണ് ചണ്ഡീഗഢ് സെക്ടർ 34 പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിനാണ് മൻജീത് കൗറിനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്.

പൊലീസ് റിപ്പോർട്ട് പ്രകാരം മൻജീതിനെ സെക്ടർ 34ലേക്ക് വിളിച്ചുവരുത്തിയത് പിണ്ഡയായിരുന്നു. തുടർന്ന് നാലുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വിജനമായ പ്രദേശത്തെത്തിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് ജീവനോടെ തീകൊളുത്തുകയായിരുന്നു.

സംഘം സ്ഥലത്തുനിന്ന് പോയതിന് പിന്നാലെ പ്രതികളിലൊരാൾ തിരികെയെത്തി കമ്പിളിപ്പുതപ്പ് ഉപയോഗിച്ച് തീ അണച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ മൻജീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പല ആശുപത്രികളിലായി മൻജീതിന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 26നാണ് യുവതി മരിച്ചത്. മരണശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മൻജീത് ഏഴാഴ്ച ഗർഭിണിയായിരുന്നുവെന്ന വിവരം പുറത്തുവന്നത്.

ഫോൺ റെക്കോർഡുകളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പിണ്ഡയ്‌ക്ക് സംഭവത്തിലുള്ള പങ്ക് പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പിണ്ഡ, മൻജീതിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നുവെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് പിണ്ഡയുടേതാണെന്ന് മൻജീത് ഇയാളോട് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്നാണ് പിണ്ഡ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഈ തർക്കം കൊലപാതകത്തിന് പിന്നിലെ കാരണങ്ങളിലൊന്നായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Share