മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നിശ്ചയിച്ചിരുന്ന മുംബൈയിലെ പരിപാടി വേദിയിൽ തോക്കും വ്യാജ സർക്കാർ തിരിച്ചറിയൽ കാർഡുമായി യുവാക്കൾ പിടിയിൽ. ബാന്ദ്ര കുർള കോംപ്ലക്സിലെ പരിപാടി വേദിയിൽ തിങ്കളാഴ്ച രാത്രി നടന്ന സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് സംഭവം. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നോയെന്ന സംശയത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.
പ്രധാനമന്ത്രി മോദി ആഗോള ഫിൻടെക് സമ്മേളനം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യുന്നത്. ബികെസി മേഖലയിലെ റിലയൻസിന്റെ ജിയോ വേൾഡ് പ്ലാസയുമായി ബന്ധപ്പെട്ട വേദിയിൽ വ്യാജ സർക്കാർ ഐഡി കാർഡ് ഉപയോഗിച്ച് യുവാക്കൾ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രോട്ടോക്കോൾ ഡ്രിൽ നടക്കുന്നതിനിടെയാണ് സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടത്.
വേദിയിൽ ഒരാൾ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളെയും ഇയാളുടെ അംഗരക്ഷകനെന്ന് പറയപ്പെടുന്ന തോക്കുധാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ 24കാരനായ റോഹൻ പരേഖ് താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരിൽ ഒരാളിൽ നിന്ന് തോക്കും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് തോക്കുമായി പ്രവേശിക്കാനുണ്ടായ യഥാർഥ ലക്ഷ്യം എന്താണെന്നതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇവർ പ്രധാനമന്ത്രിയെ വധിക്കാൻ എത്തിയവരാണെന്ന സംശയവും ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായവരുടെ നീക്കങ്ങൾ, വ്യാജ തിരിച്ചറിയൽ കാർഡുകളുടെ ഉറവിടം, ആയുധം എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് ഇവർക്ക് മറ്റാരുമായെങ്കിലും ബന്ധമുണ്ടോയെന്നും ഏതെങ്കിലും സംഘടിത നീക്കത്തിന്റെ ഭാഗമായാണോ പരിപാടി വേദിയിൽ എത്തിയതെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കേസിൽ പിടിയിലായവരെ കോടതി സെപ്റ്റംബർ 11 വരെ റിമാൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്ന വേദിയിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി ആയുധധാരി കടന്നെത്തിയത് സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഗുരുതര മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.















