കൊല്ലം: കൊല്ലത്തെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെയും അളവ്-തൂക്ക നിയമങ്ങളുടെയും ലംഘനങ്ങൾ കണ്ടെത്തിയത്.
തിയറ്ററുകളിലെ ഭക്ഷണശാലകളിൽ കാലാവധി കഴിഞ്ഞ പാൽ കണ്ടെത്തി. കൂടാതെ ഐസ്ക്രീം തുറന്നുവച്ച നിലയിലായിരുന്നു. ചെറുപ്രാണികളും മുടിയും വീണ നിലയിലായിരുന്നു ഐസ്ക്രീമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. സസ്യാഹാര, സസ്യേതര വിഭവങ്ങൾ ഒരുമിച്ച് സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കടയ്‌ക്ക് അധികൃതർ നോട്ടീസ് നൽകി.
തിയറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വിലയിലും അളവിലും ക്രമക്കേട് കണ്ടെത്തി. 120 ഗ്രാം പോപ്പ്കോണിന് 300 രൂപ ഈടാക്കിയതായാണ് പരിശോധനയിൽ കണ്ടെത്തിയത്. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചു. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് വിഭാഗം എന്നിവ സംയുക്തമായാണ് മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന നടത്തിയത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സംഭരണരീതി, വില, അളവ്-തൂക്കം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. കണ്ടെത്തിയ ക്രമക്കേടുകളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.